‘രാമന്റെ പുത്രന് സംഘപുത്രന്മാർ വോട്ട് നൽകി’; പ്രതികരണവുമായി എം.ബി രാജേഷ്
text_fieldsപുതുപ്പള്ളി: പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടിയോടുള്ള സഹതാപം പുത്രന് വോട്ടായി മാറിയെന്ന് മന്ത്രി എം.ബി രാജേഷ്. രാമന്റെ പുത്രന് സംഘപുത്രന്മാർ വോട്ട് നൽകിയിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ കുറഞ്ഞ വോട്ട് കാണിക്കുന്നത്. പുതുപ്പള്ളിയിൽ സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലിനേക്കാൾ മുൻപന്തിയിൽ വന്നത് സഹതാപവും മറ്റു ഘടകങ്ങളുമാണ്. സി.പി.എം വോട്ടുകൾ ചോർന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് സൂക്ഷമമായി പരിശോധിച്ച ശേഷം മറുപടി നൽകാമെന്നും മന്ത്രി പറഞ്ഞു.
'53 വർഷമായി യു.ഡി.എഫ് ജയിച്ച മണ്ഡലമാണ് പുതുപ്പള്ളി. അതവർ കൂടിയ ഭൂരിപക്ഷത്തിൽ നിലനിർത്തി. 53 വർഷം പ്രതിനിധീകരിച്ച കേരളത്തിലെ കോൺഗ്രസിന്റെ ഏറ്റവും സമുന്നതനായ നേതാവ് ഉമ്മൻ ചാണ്ടി മരിച്ച് ഒരുമാസം തികയും മുമ്പ് നടന്ന തെരഞ്ഞെടുപ്പാണിത്. ഉമ്മൻ ചാണ്ടിയോടുള്ള സഹതാപം പുത്രന് വോട്ടായി മാറി. ബി.ജെ.പിയുടെ കുറഞ്ഞ വോട്ട് കാണിക്കുന്നത് രാമന്റെ പുത്രന് ഒരു വോട്ട് സംഘപുത്രന്മാർ നൽകിയിട്ടുണ്ടെന്നാണ്. യു.ഡി.എഫിന്‍റെ രാഷ്ട്രീയ വോട്ട്, ഉമ്മന്‍ചാണ്ടിയോടുള്ള സഹതാപ വോട്ട്, ബി.ജെ.പിയുടെ കുറഞ്ഞ വോട്ട് തുടങ്ങിയ മൂന്ന് ഘടകങ്ങളാണ് അവിടെ പ്രവർത്തിച്ചത്' എം.ബി രാജേഷ് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളും പരാജയപ്പെട്ട ഇടതുമുന്നണി പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 99 സീറ്റുമായാണ് തിരിച്ചുവന്നത്. ഓരോ തെരഞ്ഞെടുപ്പിന്റെയും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തിരുത്തി, കുതിച്ചു മുന്നോട്ടു വരാനുള്ള ഇടതുപക്ഷത്തിന്റെ ശേഷിയാണ് അതിലൂടെ കണ്ടത്. ഈ തെരഞ്ഞെടുപ്പിലെയും പാഠങ്ങൾ ഉൾക്കൊണ്ട് തിരുത്തി മുന്നോട്ടുവരാൻ ഇടതുപക്ഷത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം വയസ്സിലാണ് അപ്പയുമായി പരിചയത്തിലാകുന്നതെന്നും അപ്പയെ ആദ്യം ‘രാമൻ’ എന്നാണ് വിളിച്ചിരുന്നതെന്നും എന്റെ ദൈവമായാണ് അദ്ദേഹത്തെ കാണുന്നതെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.