ചാതുർവർണ്യത്തെ മഹത്വവൽക്കരിക്കാനുള്ള ബി.ജെ.പി നീക്കം സത്യധർമങ്ങൾക്ക് നിരക്കാത്തത്- ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: സനാതനധർമത്തിന്റെ മറവിൽ ചാതുർവർണ്യത്തെ മഹത്വവൽക്കരിക്കാൻ ഉള്ള ബി.ജെ.പി നീക്കം സത്യധർമങ്ങൾക്ക് നിരക്കാത്തതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി 'യെന്ന് ഉൽഘോഷിച്ച ശ്രീനാരായണ ഗുരുവിൻറെ ചെലവിൽ മതവൈരം വളർത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ബി.ജെ.പി നീക്കത്തെ യഥാർഥ ശ്രീനാരായണീയർ പൊറുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
" വാദിക്കാനും ജയിക്കാനും അല്ലാതെ അറിയാനും അറിയിക്കാനും,"വേണ്ടി 1924 ൽ സർവമത സമ്മേളനം സംഘടിപ്പിച്ച ഗുരുവിന്റെ സ്മരണ തുടിച്ചു നിൽക്കുന്ന വർക്കല ശിവഗിരി അർഥവത്തായ സംവാദങ്ങളുടെ വേദിയാണ്. അവിടെ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തെ ആ അർഥത്തിലാണ് വിവേകമുള്ള ഏവരും കാണേണ്ടത്. ശ്രീനാരായണ ഗുരുവിൻറെ തലയിൽ അദ്ദേഹത്തിന് തെല്ലും ഇണങ്ങാത്ത ചാതുർവർണ്യത്തിന്റെ തലപ്പാവ് അണിയിക്കാൻ ശ്രമിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ പ്രസ്താവന അലോസരം ഉണ്ടാക്കിയേക്കാം.
ശ്രീനാരായണഗുരു ഉയർത്തിപ്പിടിച്ച ആശയ സമരത്തിൻറെ സന്ദേശം മനസിലാക്കുകയാണ് അവരെല്ലാം ചെയ്യേണ്ടത്. 1916 ലെ "നമുക്ക് ജാതിയില്ല" വിളംബരത്തിൽ ശ്രീനാരായണഗുരു " നമ്മുടെ സത്യം " അറിയാത്തവരെ പറ്റി പറയുന്നുണ്ട്. അവരുടെ കാൽക്കീഴിൽ ഞെരിഞ്ഞമരേണ്ട ഒന്നല്ല ശ്രീനാരായണ ദർശനം എന്ന വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് കമ്മ്യൂണിസ്റ്റുകാർ ശിവഗിരി തീർഥാടനത്തെ കാണുന്നത്.
ഗുരു ഉപദേശിച്ച പഞ്ചധർമങ്ങൾ ശരീരം, ആഹാരം, മനസ്, വാക്ക്, പ്രവർത്തി എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള മനുഷ്യൻറെ ശ്രേയസാണ്. ഇതിൻറെ സത്ത ഉൾക്കൊണ്ടു കൊണ്ട് സാമൂഹ്യനന്മക്കും മനുഷ്യപുരോഗതിക്കും വേണ്ടി മുന്നോട്ടുപോവുകയാണ് വർത്തമാനകാലത്തെ ശ്രീനാരായണീയ ധർമം.
മനുഷ്യൻറെ ഭൗതിക പുരോഗതിക്കും ആത്മീയോന്നതിക്കും ഒരേപോലെ ഉന്നതമായ സ്ഥാനം ഗുരു കല്പിച്ചിരുന്നു. ഗുരുവിൻറെ പാതയിൽ ശ്രീനാരായണീയരുമായി കൈകോർത്ത് നീങ്ങിയവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ എന്നും ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.