വി. മുരളീധരന്റെ തലശ്ശേരിയിലെ വീടിന് കല്ലെറിഞ്ഞത് സി.പി.എം സംഘമെന്ന് ബി.ജെ.പി പ്രസ്താവന; അബദ്ധം തിരിച്ചറിഞ്ഞതോടെ പിൻവലിച്ചു
text_fieldsകണ്ണൂർ: മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ തലശ്ശേരിയിലെ വീടിനുനേരെ കല്ലെറിഞ്ഞതായി ബി.െജ.പി ജില്ല പ്രസിഡന്റ് എൻ. ഹരിദാസ് പ്രസ്താവനയിറക്കി, ഏറെ കഴിയുംമുമ്പ് പിൻവലിക്കുകയും ചെയ്തു. വി. മുരളീധരന്റെ തലശ്ശേരിയിലെ വീടിന് കല്ലെറിഞ്ഞതിനു പിന്നിൽ സി.പി.എം സംഘമാണെന്നായിരുന്നു പ്രസ്താവന.
പ്രദേശത്തെ സി.പി.എം ക്രിമിനൽ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ഇത്തരം ക്രിമിനൽ സംഘങ്ങളെ നിലക്കുനിർത്താൻ സി.പി.എം നേതൃത്വം തയാറാവണമെന്നും അല്ലാത്തപക്ഷം ഇന്ന് ജില്ലയിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകരാൻ കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പും നൽകി. പൊലീസ് സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രസ്താവനയിറക്കിയതിനുശേഷമാണ് മുരളീധരന്റെ കണ്ണൂരിലെ വീടിന് നേരെയല്ല, തിരുവനന്തപുരത്തെ വീടിനു നേരെയാണ് കല്ലേറുണ്ടായതെന്നറിഞ്ഞത്. തൊട്ടുപിന്നാലെ പ്രസ്താവന പിൻവലിക്കുകയായിരുന്നു.
വി. മുരളീധരന്റെ തിരുവനന്തപുരം കൊച്ചുള്ളൂരിലെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. വീടിന്റെ ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു. സംഭവത്തിൽ കണ്ണൂർ പയ്യന്നൂർ സ്വദേശി മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ വർഷവും സമാന രീതിയിൽ ഇയാൾ വി. മുരളീധരന്‍റെ വീടിന് നേരെ കല്ലെറിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.