പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കും; കുരുതി കൊടുത്തോ എന്ന് ജനം തീരുമാനിക്കും -കെ. മുരളീധരൻ
text_fieldsതൃശൂർ: തൃശൂരിലെ ദയനീയമായ തോൽവിയിൽ വികാരഭരിതനായി പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഇനിയൊരു മത്സരത്തിനില്ല. മത്സരിക്കാനുള്ള മൂഡ് നഷ്ടപ്പെട്ടു. പൊതുരംഗത്തുനിന്ന് കുറച്ചുകാലം വിട്ടുനിൽക്കുകയാണ്. തൽക്കാലം ഒന്നിലേക്കും ഇല്ല -അദ്ദേഹം തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
കോൺഗ്രസിന്‍റെ ഒരു കമ്മിറ്റിയിലും പങ്കെടുക്കാൻ പോകില്ല. ആരെയും കുറ്റം പറയാനില്ല. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ഇത്രയും കാലം പാർട്ടിയിൽ നിന്നല്ലേ ആനൂകൂല്യം ലഭിച്ചത്. കോൺഗ്രസുമായി ബന്ധം അവസാനിപ്പിക്കില്ല. എന്നും കോൺഗ്രസുകാരനായി, സാധാരണ പ്രവർത്തകനായി തുടരും. തൽക്കാലം സംഘടനാ-പാർട്ടി പ്രവർത്തനങ്ങളിലേക്കില്ല. ചിലർക്ക് ചില സ്ഥലങ്ങളിൽ രാശിയില്ല. ജനിച്ച സ്ഥലത്ത് എനിക്കു രാശിയില്ല -അദ്ദേഹം പറഞ്ഞു.
സുരേഷ്ഗോപിക്ക് വേണ്ടി മൂന്ന് തവണ പ്രധാനമന്ത്രി വന്നു. സുനിൽകുമാറിന് വേണ്ടി പലയിടത്തും പിണറായി വിജയൻ വന്നു. എനിക്കാകെ ഒരു ഡി.കെ. ശിവകുമാർ, അതും രാവിലെ സൂര്യൻ കത്തിനിന്ന നേരത്താണ് വന്നത്. കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല. ദേശീയതല നേതാക്കളടക്കം പ്രചാരണത്തിൽ നിന്നും വിട്ടുനിന്നു. അടുത്ത തവണ തൃശൂരിൽ ചെറുപ്പക്കാർ മത്സരിക്കട്ടെ. കോൺഗ്രസ് സംഘടന സംവിധാനം ആകെ പ്രയാസത്തിലാണ്. അത് മാറ്റിയെടുക്കണമെന്നേ പറയുന്നുള്ളൂ. അത് കാരണം തോറ്റുവെന്ന് പറഞ്ഞാൽ ശരിയായ കാര്യമില്ല. തൃശൂരിൽ എൽ.ഡി.എഫ് ജയിച്ചിരുന്നെങ്കിൽ തനിക്ക് ദുഃഖം ഉണ്ടാകില്ലായിരുന്നു. നേമത്ത് കഷ്ടപ്പെട്ടാണ് ബി.ജെ.പി അക്കൗണ്ട് പൂട്ടിച്ചത്. ആ സ്ഥാനത്ത് ഞാൻ മത്സരിച്ചിട്ട് പോലും ഇവിടെ അക്കൗണ്ട് തുറന്നുവെന്ന പ്രയാസമുണ്ട്.
അടിയൊഴുക്ക് വ്യക്തമാണ്. ബി.ജെ.പിക്ക് ഒട്ടും പ്രതീക്ഷയില്ലാത്ത, സ്ഥാനാർഥി പോലും മര്യാദക്ക് പ്രവൃത്തിക്കാത്ത ഒരിടത്ത് എങ്ങനെ ഇത്രയധികം വോട്ടിന് ? ദേശീയ നേതൃത്വത്തോട് താനായിട്ട് പരാതി പറയുന്നില്ല. സംസ്ഥാന നേതൃത്വത്തോട് തൃശൂരിൽ കോ-ഓർഡിനേഷൻ ഇല്ലെന്ന് സൂചിപ്പിച്ചിരുന്നു. ആരെയും കുറ്റം പറഞ്ഞിട്ടില്ല. പക്ഷെ സംസ്ഥാന നേതൃത്വത്തോട് പറഞ്ഞതിന് വേണ്ടത്ര പരിഗണനയുണ്ടായില്ല. വടകരയിൽ തന്നെ നിന്നാൽ ജയിക്കുമായിരുന്നു. കെ. മുരളീധരൻ എന്ന രാഷ്ട്രീയ നേതാവിനെ കുരുതി കൊടുത്തതാണോ എന്ന് ജനം ഭാവിയിൽ തീരുമാനിക്കും. താനതിന് നിന്നു കൊടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല.
ഉറപ്പായും കിട്ടുമെന്ന് വിശ്വസിച്ച ന്യൂനപക്ഷ വോട്ടുകളിലെ വിള്ളലാണ് തൃശൂരിൽ ബി.ജെ.പിയുടെ മുന്നേറ്റത്തിന് കാരണം. മുന്നാക്ക സമുദായത്തിന്‍റെ ഏതാണ്ട് മുഴുവൻ വോട്ടും ക്രൈസ്തവ വോട്ടും അവർക്ക് സമാഹരിക്കാൻ കഴിഞ്ഞു. മുസ്‌ലിം വോട്ടർമാർ ചില നിയോജകമണ്ഡലങ്ങളിൽ എൽ.ഡി.എഫിനൊപ്പം നിന്നു. വോട്ടിലെ ഏകീകരണം യു.ഡി.എഫിന് ലഭിച്ചില്ല. സി.പി.എമ്മിന്‍റെ ഉരുക്കുകോട്ടകളായ ചില പഞ്ചായത്തുകളിൽ ബി.ജെ.പി കടന്നുകയറി. സ്വാഭാവികമായും യു.ഡി.എഫിന് ലഭിക്കേണ്ട ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടായപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പോയി. എന്നാൽ ഇടതുപക്ഷത്തിന് മികച്ച സ്ഥാനാർഥി ഉണ്ടായിട്ടും വലിയ മുന്നേറ്റം ഉണ്ടാക്കാനായില്ല.
മുമ്പ് പറഞ്ഞതുപോലെ സി.പി.എം-ബി.ജെ.പി അന്തർധാര ഉണ്ടായിട്ടുണ്ടെങ്കിലും അത് വലത്തോട്ടും സഞ്ചരിച്ചിട്ടുണ്ട്. രണ്ടു ഭാഗത്തുനിന്നും വോട്ടുപിടിച്ചു. യു.ഡി.എഫിന്‍റെ വോട്ട് ചോർന്നത് മുഖ്യമായും മുൻ വർഷം കിട്ടിയ രണ്ട് പ്രബല സമുദായങ്ങളുടെ വോട്ടിൽ വന്ന വിള്ളലാണ്. ഇത് എൽ.ഡി.എഫും യു.ഡി.എഫും ശ്രദ്ധാപൂർവം പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംഘടനാപരമായ ദൗർബല്യം പലയിടത്തും പാർട്ടിക്കുണ്ട്. അതിലുപരിയായി ഇങ്ങനെയൊരു സാഹചര്യം കണ്ടുപിടിക്കാനായില്ലെന്നത് കോട്ടം തന്നെയാണ്. അതിനെ എങ്ങനെ മറികടക്കാമെന്ന് ആലോചിക്കണം. ബൂത്ത് പ്രവർത്തനത്തിലും വോട്ട് ചേർക്കുന്നതിലും വീഴ്ചയുണ്ടായി. മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ എന്ന അവസ്ഥ മാറിയത് തൃശൂർ പൂരം മുതലാണ്. പൂരം സർക്കാരിനെതിരായി. അത് ഉപയോഗപ്പെടുത്താൻ യു.ഡി.എഫിന് കഴിഞ്ഞില്ല. പൂരം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കണ്ട എന്നതിനാലാണ് അന്ന് പറയാതിരുന്നത്. പൊലീസ് കമീഷണറുടെ പ്രവൃത്തി ആരെയോ സഹായിക്കാനാണെന്ന് അന്നേ താൻ പറഞ്ഞു. ഇപ്പോഴത് ഫലവത്തായി. ആ നടപടി ബി.ജെ.പിക്ക് വളരെ ഗുണം ചെയ്തു. കമീഷണർ എൽ.ഡി.എഫിന്‍റെ ഒരു ഡീലിന്‍റെ ഭാഗമായാണ് പ്രവൃത്തിച്ചതെന്നും അതിന്‍റെ ഗുണം പോയത് ബി.ജെ.പിക്കാണെന്നും കെ. മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.