കോഴിക്കോട് പേരാമ്പ്ര സൂപ്പിക്കടയിൽ കരിമ്പനി സ്ഥിരീകരിച്ചു
text_fieldsപേരാമ്പ്ര: നിപ വൈറസ് ഭീതി വിതച്ച ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പിക്കടയിൽ കരിമ്പനി (Visceral leishmaniasis) സ്ഥിരീകരിച്ചു. മധ്യവയസ്കനിൽ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും രോഗം പടർത്തുന്ന മണലീച്ചയെ കെണ്ടത്താനായില്ല. കോഴിക്കോട് ഡി.എം.ഒ (മാസ്മീഡിയ) ഇസ്മാഇൗല്‍, ടെക്‌നിക്കല്‍ അസിസ്റ്റൻറ് കുമാരന്‍, പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ആലി, ചങ്ങരോത്ത് മെഡിക്കല്‍ ഓഫിസര്‍ ബിജേഷ് ഭാസ്‌കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫീല്‍ഡ് സ്റ്റാഫ്, ആശാവര്‍ക്കര്‍മാര്‍ എന്നിവരാണ് പരിശോധന നടത്തിയത്.
രോഗലക്ഷണം കണ്ട വ്യക്തിയുമായി ബന്ധപ്പെടുന്നവരില്‍ നടത്തിയ പരിശോധനയില്‍ ആര്‍ക്കും പനിലക്ഷണങ്ങളും കണ്ടെത്താനായില്ലെന്ന് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. അതിനാൽ, രക്തത്തിലൂടെ പകര്‍ന്നതാകാമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഇയാള്‍ രണ്ടാഴ്ച മുമ്പ് മറ്റൊരസുഖത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് രണ്ടു യൂനിറ്റ് രക്തം കയറ്റിയിരുന്നു. അതുവഴി രോഗാണു ശരീരത്തില്‍ പ്രവേശിച്ചതാകാമെന്നു കരുതുന്നു. മണലീച്ചകളുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടോ എന്നറിയാനും പഠിക്കാനും സംസ്ഥാന എൻറോമോളജി വകുപ്പിലെ വിദഗ്ധര്‍ സൂപ്പിക്കട സന്ദര്‍ശിക്കും. നിപ വൈറസ് ബാധമൂലം നാലു ജീവനുകൾ ബലിനല്‍കേണ്ടിവന്ന ഈ മേഖലയില്‍ പുതിയ രോഗത്തെയും ഭീതിയോടെയുമാണ് ആളുകള്‍ കാണുന്നത്.
മണലീച്ച പരത്തുന്ന ഈ രോഗം ‘കാലാ അസാർ’ എന്നും അറിയപ്പെടുന്നു. കരളിനെയും പ്ലീഹയേയുമാണ് ബാധിക്കുക. കടുത്ത പനിയും കയല തടിക്കല്‍, രക്തക്കുറവ്, ആന്തരികാവയവങ്ങള്‍ തടിക്കുന്നത് മൂലമുണ്ടാകുന്ന വയര്‍വീര്‍ക്കല്‍ എന്നിവയുമാണ് ലക്ഷണങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.