മുഖ്യമന്ത്രിക്ക് നേരെ മൂന്നാം ദിവസവും കരിങ്കൊടി പ്രതിഷേധം, ചീമുട്ടയേറ്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ മൂന്നാം ദിവസവും കരിങ്കൊടി പ്രതിഷേധവും ചീമുട്ടയേറും. തിരുവനന്തപുരം പേയാടും വിളപ്പിൽശാല ജംങ്ഷനിലും വെച്ചാണ് യൂത്ത് കോൺഗ്രസ്, യുവമോർച്ച, ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഇ.എം.എസ് അക്കാദമിയിൽ നടന്ന സി.പി.എം നവകേരള സദസ് പരിപാടി ഉദ്ഘാടനം ചെയ്യാൻ പോകവെയാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.
പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിളപ്പിൽശാല ജംങ്ഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. സംഭവത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇ.എം.എസ് അക്കാദമിയിൽ നടന്ന നവകേരള സദസ് പരിപാടിയിലേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. സി.പി.എം പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവേശനം അനുവദിക്കാതിരുന്നത്.
തിരുവനന്തപുരം ഇലിപ്പോട് ജംങ്ഷനിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞു.
കെ.പി.സി.സി ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം അരങ്ങേറി. കോതമംഗലത്തും മലപ്പുറത്തും ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
തൃശൂരിൽ കറുത്ത തുണി തലയിൽക്കെട്ടി മേയറുടെ ചേംമ്പറിൽ കയറി കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധിച്ചു. കോഴിക്കോട് ഡി.സി.സിയുടെ നേതൃത്വത്തിൽ വായ്മൂടിക്കെട്ടി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
ഇടുക്കി സിവിൽ സ്റ്റേഷനിലേക്ക് ചാടിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. ഡി.സി.സി പ്രസിഡന്‍റിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.