കർണാടക മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം
text_fieldsകണ്ണൂർ/പഴയങ്ങാടി: കണ്ണൂരിൽ ക്ഷേത്രങ്ങൾ സന്ദർശിക്കാനെത്തിയ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരെ കരിങ്കൊടി പ്രതിഷേധം. കണ്ണൂർ കാൽടെക്സ്, മാടായിക്കാവ് പരിസരം എന്നിവിടങ്ങളിലാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
കണ്ണൂർ വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെയാണ് ബി.എസ്. യെദിയൂരപ്പ എത്തിയത്. അവിടെ നിന്ന് റോഡുമാർഗം മാടായിക്കാവിലേക്ക് ദർശനത്തിന് പോകുന്നതിനിടെ കണ്ണൂർ കാൽടെക്സിലായിരുന്നു ആദ്യ പ്രതിഷേധം. കാൽടെക്സ് സിഗ്നൽ പരിസരത്ത് കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. ഔദ്യോഗിക വാഹനത്തിനുനേരെ കരിങ്കൊടിയുമായി പാഞ്ഞടുത്ത പ്രതിഷേധക്കാരെ കണ്ണൂർ ജില്ല പൊലീസ് മേധാവി പ്രതീഷ്കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം ശക്തമായ ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി, കെ.എസ്.യു ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി എം.കെ. വരുൺ, കെ. കമൽജിത്ത്, പി.എ. ഹരി, നബീൽ വളപട്ടണം, പ്രിനിൽ മതുക്കോത്ത്, നൗഫൽ വാരം, ഇർഷാദ് കൊളച്ചേരി, അക്ഷയ് ആയിക്കര തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കണ്ണൂരിൽനിന്ന് പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി പാത വഴി മാടായിക്കാവിലേക്ക് പോവുകയായിരുന്ന യെദിയൂരപ്പയുടെ വാഹനത്തിനു മുന്നിലേക്ക് ഉച്ച 12.40 ഓടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സുരക്ഷാവലയം ഭേദിച്ച് കരിങ്കൊടി കാണിച്ച് ഉപരോധിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി കർണാടക മുഖ്യമന്ത്രിയുടെ വാഹനത്തെ കടത്തിവിട്ടു.
എന്നാൽ, അകമ്പടി വാഹനങ്ങളടക്കമുള്ളവയുടെ മുന്നിലേക്ക് യെദിയൂരപ്പക്ക് ഗോബാക്ക് വിളിച്ച് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടിയുമായി എടുത്തുചാടി റോഡിലിരുന്ന് ഉപരോധിച്ചു. പൊലീസ് ഏറെ പണിപ്പെട്ടാണ് ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ മാറ്റിയത്. തുടർന്ന് ഇവരെ സ്റ്റേഷനിലെത്തിച്ചു. ഇതിനിടയിൽ കനത്ത പൊലീസ് സുരക്ഷാ വലയത്തിൽ യെദിയൂരപ്പ മാടായിക്കാവിൽ ദർശനം നടത്തി മടങ്ങി.
തിരുവനന്തപുരത്തും കരിങ്കൊടി
തിരുവനന്തപുരം: കർണാടക മുഖ്യമന്ത്രി യെദിയൂരപ്പക്ക് നേരെ വിമാനത്താവളത്തിൽ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാട്ടി. തിരുവനന്തപുരത്തുനിന്ന് വിമാനത്തിൽ കണ്ണൂരിലേക്ക് പോകാൻ ശംഖുംമുഖം ആഭ്യന്തര വിമാനത്താവളത്തിൽ എത്തിയ യെദിയൂരപ്പ സഞ്ചരിച്ച കാറിന് നേരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടിയുമായി ചാടിവീഴാൻ ശ്രമിക്കുകയായിരുന്നു. ഇവരെ പൊലീസ് ഉടൻ പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.