ബ്ലാക്ക് ഫംഗസ്: മരുന്നെത്തി, പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം
text_fieldsതിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമത്തിന് താൽക്കാലിക ആശ്വാസം. കേന്ദ്രസർക്കാർ അനുവദിച്ച ആൻറി ഫംഗൽ മരുന്നായ ആംഫോടെറിസിൻ- ബി സംസ്ഥാനത്തെത്തി. രോഗികളുടെ എണ്ണം കൂടുകയും ആവശ്യത്തിന് മരുന്ന് ലഭ്യമല്ലാതാകുകയും ചെയ്തതോടെ സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് ചികിത്സ പ്രതിസന്ധിയിലായിരുന്നു. 240 വയൽ മരുന്നാണ് അനുവദിച്ചത്. ഇത് ആശുപത്രികളിലേക്ക് കേരള മെഡിക്കൽ സർവിസ് കോർപറേഷൻ വിതരണം ചെയ്യും. അതേസമയം നിലവിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകുമെങ്കിലും ഇനിയും കൂടുതൽ ലഭ്യമാകേണ്ടതുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തിന് പുറത്തുനിന്നടക്കം നിരവധി രോഗികൾ വിവിധ മെഡിക്കൽ കോളജുകളിൽ ചികിത്സ തേടിയെത്തുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തമിഴ്നാട്ടിൽനിന്നുള്ളവരടക്കം ചികിത്സയിലുണ്ട്. മരുന്ന് തീര്‍ന്നതോടെ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. രക്തത്തിലെ ഫംഗസ് സാന്നിധ്യം ഇല്ലാതാക്കാനും മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുമാണ് ആൻറി ഫംഗൽ ഇൻജക്ഷൻ മരുന്നായ ആംഫോടെറിസിൻ- ബി നൽകുന്നത്.
ഇതിനിടെ സംസ്ഥാനത്ത് കോവിഡ് വന്നുപോയശേഷം ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. രോഗം കൂടുതല്‍ അവയവങ്ങളിലേക്ക് ബാധിക്കാതിരിക്കാന്‍ നേരത്തേ കണ്ടെത്തി ചികിത്സ തുടങ്ങുക നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.