അന്ധവിശ്വാസചൂഷണ നിരോധനനിയമം കടലാസില്‍ ഒതുങ്ങുന്നു
text_fieldsതിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും നിരോധിക്കാന്‍ വിഭാവനം ചെയ്ത ‘കേരള അന്ധവിശ്വാസ ചൂഷണനിരോധനനിയമം -2014’ കടലാസിലൊതുങ്ങുന്നു. മലയാളികള്‍ക്കിടയില്‍ അന്ധവിശ്വാസങ്ങളും ചൂഷണങ്ങളും നിര്‍ബാധം തുടരുമ്പോഴും അതിനെതിരെ രൂപവത്കരിച്ച നിയമത്തിന്‍െറ കരട് നിയമവകുപ്പിന്‍െറ അലമാരയിലാണ്.
ഇടതുമുന്നണിസര്‍ക്കാറെങ്കിലും ബില്‍ നടപ്പാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ഇന്‍റലിജന്‍സ് മേധാവിയായിരുന്ന എ. ഹേമചന്ദ്രനാണ് ഇതുസംബന്ധിച്ച കരട് തയാറാക്കി സമര്‍പ്പിച്ചത്.
അന്ധവിശ്വാസങ്ങളുടെ പേരില്‍ നടന്ന ചൂഷണങ്ങളുമായി ബന്ധപ്പെട്ട് മൂന്നുകേസുകള്‍ വിവിധ ജില്ലകളിലായി രജിസ്റ്റര്‍ ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു ഇത്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ആചാരങ്ങളുടെ മറവില്‍ നടക്കുന്ന അരുതായ്കകള്‍ ഇല്ലായ്മ ചെയ്യണമെന്ന് കരട് ബില്ലില്‍ വ്യവസ്ഥയുണ്ടായിരുന്നു.
സാമ്പത്തികലാഭത്തിനുവേണ്ടി മറ്റൊരാളുടെ നിസ്സഹായാവസ്ഥ മുതലെടുക്കുക, അമാനുഷികശക്തി അവകാശപ്പെട്ട് കാര്യസാധ്യത്തിന് പ്രതിഫലം വാങ്ങുക, അദൃശ്യശക്തികളുടെ പേരില്‍ തട്ടിപ്പുനടത്തുക, ശാരീരികമായി ഉപദ്രവിക്കുക, ലൈംഗികചൂഷണം തുടങ്ങിയ കുറ്റങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന തരത്തിലാണ് ബില്‍ വിഭാവനം ചെയ്തത്.
ചൂഷണത്തിന്‍െറ ഭാഗമായി ഇരക്ക് ചെറിയ പരിക്കുകള്‍ ഉണ്ടായാല്‍ കുറ്റക്കാര്‍ക്ക് മൂന്നുവര്‍ഷം വരെ തടവും 50,000 രൂപ പിഴയും ഗുരുതരമായി പരിക്കേറ്റാല്‍ മൂന്നുമുതല്‍ ഏഴുവര്‍ഷം വരെ തടവും രണ്ടുലക്ഷം രൂപവരെ പിഴയും ലൈംഗികചൂഷണമോ ദുരുപയോഗമോ നടന്നാല്‍ അഞ്ചുവര്‍ഷം വരെ തടവ്, ഇര മരണപ്പെട്ടാല്‍ ജീവപര്യന്തമോ വധശിക്ഷയോ ലഭ്യമാക്കുക തുടങ്ങിയവ ബില്‍ നിഷ്കര്‍ഷിച്ചിരുന്നു.
ജാമ്യമില്ലാവകുപ്പ് പ്രകാരമെടുക്കുന്ന കേസ് ഇന്‍സ്പെക്ടര്‍ റാങ്കിലെ ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലോ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലോ വിചാരണ നടപടികള്‍ നടത്തണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തതുപോലെ നിയമനിര്‍മാണം നടപ്പാക്കണമെന്നാണ് നിയമവകുപ്പിന്‍െറ നിലപാട്. എന്നാല്‍, മഹാരാഷ്ട്രയിലെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് 2013 ല്‍ തയാറാക്കിയ ബില്ലാണ് അവിടെ പാസായതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. കേരളത്തിന്‍െറ സാഹചര്യങ്ങള്‍ പരിഗണിക്കുന്ന ബില്ലാണ് നമുക്ക് അഭികാമ്യമെന്നും അഭിപ്രായമുയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.