കള്ളപ്പണക്കേസ്: എം. ശിവശങ്കറിൻെറ ജാമ്യാപേക്ഷ തള്ളി
text_fieldsകൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുടെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള പ്രത്യേക) കോടതി തള്ളി. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അന്വേഷണ ഏജൻസിയുടെ അവകാശവാദങ്ങളോ പ്രതിഭാഗത്തിെൻറ എതിർവാദങ്ങളോ ഈ ഘട്ടത്തിൽ പരിഗണിക്കാൻ കഴിയില്ലെന്നും നിരീക്ഷിച്ചാണ് ജഡ്ജി ഡോ. കൗസർ എടപ്പഗത്ത് ജാമ്യം നിരസിച്ചത്.
ശിവശങ്കറിന് കേസിെല പങ്ക് എന്ത് തന്നെയായിരുന്നാലും അന്വേഷിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. സ്വപ്ന സുരേഷിെൻറ ബാങ്ക് ലോക്കറിൽ കണ്ടെത്തിയ പണം ലൈഫ് മിഷനിലെ കൈക്കൂലിയാണോ സ്വർണക്കടത്തിലെ വരുമാനമാണോ എന്ന് കൂടുതൽ അന്വേഷണത്തിലൂടെയേ തീരുമാനിക്കാൻ കഴിയൂ.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നേരത്തേ നൽകിയ റിപ്പോർട്ടും പുതിയ റിപ്പോർട്ടും തമ്മിലെ പൊരുത്തക്കേട് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ ആദ്യ റിപ്പോർട്ട് അന്തിമമല്ലെന്നാണ് അഡീഷനൽ സോളിസിറ്റർ ജനറൽ അറിയിച്ചത്. ഒരു കേസ് അന്വേഷിക്കുേമ്പാൾ മറ്റ് കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ അതും അന്വേഷിക്കാൻ ഇ.ഡിക്ക് കഴിയുമെന്നും കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം ഏത് രീതിയിൽ മുന്നോട്ടുകൊണ്ടുപോകണമെന്ന കാര്യം തീരുമാനിക്കാനുള്ള അധികാരം അന്വേഷണ ഏജൻസിക്ക് വിടുകയാണ്. ലോക്കറിലെ പണം സംബന്ധിച്ച വിരുദ്ധ നിലപാട് കൊണ്ട് മാത്രം ഹരജിക്കാരൻ കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാനാവില്ല. അന്വേഷണം പ്രാരംഭ ഘട്ടത്തിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ ഹരജിക്കാരൻ കുറ്റക്കാരനല്ലെന്ന് നിരീക്ഷിക്കാൻ തക്ക കാരണങ്ങൾ കാണുന്നില്ല. ഹരജിക്കാരന് കുറ്റകൃത്യവുമായുള്ള ബന്ധം കണ്ടെത്താൻ അന്വേഷണ ഏജൻസിക്ക് കൂടുതൽ സമയം വേണമെന്നത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും നിരീക്ഷിച്ചാണ് ജാമ്യം നിരസിച്ചത്.
ജാമ്യ ഉത്തരവ് വരുന്നതിന് മുമ്പുതന്നെ, ശിവശങ്കർ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാട്ടി കഴിഞ്ഞ ദിവസം കോടതിയിൽ ഇ.ഡി റിപ്പോർട്ട് നൽകിയിരുന്നു. അതിനിടെ, ശിവശങ്കറിനെ ജയിലിൽ ചോദ്യം ചെയ്യാൻ വിജിലൻസിനും കോടതി അനുമതി നൽകി. രാവിലെ 10 മുതൽ അഞ്ച് വരെ ചോദ്യം ചെയ്യാനാണ് അനുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.