പെരിന്തൽമണ്ണയിൽ വീണ്ടും കുഴൽപ്പണ വേട്ട; 1.69 കോടിയുമായി രണ്ടുപേർ പിടിയിൽ
text_fieldsപെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട. ആഡംബര കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 1,69,44,500 രൂപയുമായി രണ്ടുപേരെ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രെൻറ നേതൃത്വത്തിലുള്ള ടൗൺ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മായനാട് സ്വദേശി ഇൻസിതാർ വീട്ടിൽ ഇഖ്ബാൽ അസീസ് (44), കൊടുവള്ളി മാനിപുരം സ്വദേശി അരീക്കാട്ടിൽ വീട്ടിൽ നസീർ (48) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി 11.45നായിരുന്നു സംഭവം. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് പണം, സ്വർണ ബിസ്‌കറ്റുകൾ, വിദേശ കറൻസികൾ തുടങ്ങിയവ പാലക്കാട് വഴി മലബാർ മേഖലയിലേക്ക് കടത്തുന്നതായി കുഴൽപ്പണ മാഫിയകളിൽനിന്ന് ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. പെരിന്തൽമണ്ണ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സി.ഐ ടി.എസ്. ബിനു, എ.എസ്.ഐ പി. മോഹൻദാസ് എന്നിവർ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് പാലക്കാട് വഴി കോഴിക്കോട്ടേക്ക് കാറിൽ കുഴൽപ്പണം കടത്തുന്നതായറിഞ്ഞത്. പിന്തുടർന്ന പൊലീസ് ടീം അങ്ങാടിപ്പുറം മേൽപാലത്തിന് സമീപം കാർ പിടികൂടുകയായിരുന്നു. കാരിയർമാരെക്കുറിച്ചും വാഹനങ്ങൾക്ക് രഹസ്യ അറകൾ നിർമിച്ച് നൽകുന്നവരെക്കുറിച്ചും നിർണായക വിവരം ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.