എ.ആർ നഗർ സഹകരണ ബാങ്കിലെ കള്ളപ്പണം: മുഖ്യമന്ത്രിയുടെ പ്രതികരണം നൽകുന്ന കരുത്ത് അളവറ്റത് -കെ.ടി. ജലീൽ
text_fieldsമലപ്പുറം: എ.ആർ നഗർ സഹകരണ ബാങ്കിൽ ഹരികുമാറിനെ മുന്നിൽ നിർത്തി കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്ന കോടാനുകോടികളുടെ കള്ളപ്പണ ഇടപാടുകൾ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം നൽകുന്ന കരുത്ത് അളവറ്റതാണെന്ന് കെ.ടി. ജലീൽ എം.എൽ.എ.
'സാധാരണ ഗതിയിൽ ഒരു പ്രാഥമിക സഹകരണ സംഘത്തിൽ പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയിൽ അംഗങ്ങളും ഇരുപതിനായിരത്തിൽ താഴെ അക്കൗണ്ടുകളും ഉണ്ടാകാനേ ഇടയുള്ളൂ. കൂടിയാൽ ഇരുപതിനായിരത്തോളം അംഗങ്ങളും ഇരുപത്തയ്യായിരത്തോളം അക്കൗണ്ടുകളും. എന്നാൽ എ.ആർ നഗർ പ്രാഥമിക കാർഷിക സഹകരണ സംഘത്തിൽ അറുപതിനായിരത്തിലധികം അംഗങ്ങളും എൺപതിനായിരത്തിലധികം അക്കൗണ്ടുകളുമാണുള്ളത്. ഇതിൽനിന്ന് തന്നെ കാര്യങ്ങളുടെ 'ഗുട്ടൻസ്' ആർക്കും പിടികിട്ടും.
എ.ആർ നഗർ ബാങ്കിൽ ലക്ഷങ്ങളുടെയും കോടികളുടെയും നിക്ഷേപമുള്ള അധികപേരും അവരുടെ നിക്ഷേപങ്ങളുടെ നൂറിലൊന്ന് നിക്ഷേപിക്കാൻ പോലും വകയില്ലാത്തവരാണ്. നിക്ഷേപകരുടെ അറിവോടെ നടത്തുന്ന കള്ളപ്പണ ഇടപാടുകൾക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതിയാണത്രെ പ്രതിഫലമായി സമുദായപ്പാർട്ടിയുടെ നേതാവ് 'കുഞ്ഞാപ്പ' നൽകുന്നത്.
വ്യാജ അക്കൗണ്ടുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയടക്കം എല്ലാം 'കമ്പനി'ക്കാണ്. ഒരു സഹകരണ ധനകാര്യ സ്ഥാപനത്തെ മറയാക്കി മുസ്ലിം ലീഗിന്‍റെ 'പുലിക്കുട്ടി' നടത്തുന്ന അഴിമതിപ്പണമുപയോഗിച്ച ഹിമാലയൻ സാമ്പത്തികത്തട്ടിപ്പ് പുറത്തു കൊണ്ടുവരൽ ഓരോ പൗരന്‍റെയും കടമയാണ്. ആ ബാധ്യതാ നിർവഹണ പാതയിൽ പിണറായി സർക്കാർ മുന്നിലുണ്ടെന്ന സന്ദേശം പോരാളികൾക്ക് പകരുന്ന ആവേശത്തിന് സമാനതകളില്ല' -കെ.ടി. ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
കെ.ടി. ജലീലിനെ സി.പി.എം തള്ളിയെന്ന തരത്തിലെ പ്രചാരണം വ്യാഖ്യാനം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. അദ്ദേഹം സി.പി.എമ്മിെൻറയും എൽ.ഡി.എഫിെൻറയും നല്ല സഹയാത്രികനാണ്. ഇനിയും അത് തുടരും. അക്കാര്യത്തിൽ അണുവിട സംശയമില്ല.
സഹകരണമേഖലയിൽ എന്തെങ്കിലും തെറ്റായ കാര്യങ്ങൾ ഉണ്ടായാൽ പരിശോധിച്ച് നടപടിയെടുക്കാൻ ഇവിടെ സഹകരണ വകുപ്പുണ്ട്. അതിനായി ഇ.ഡി വരേണ്ട കാര്യമില്ല. ഇക്കാര്യമാണ് താൻ വ്യക്തമാക്കിയത്. അതിനെ തുടർന്ന് വ്യാഖ്യാന തൽപ്പരർക്ക് അവസരം കിട്ടി. അതിെൻറ ഭാഗമായാണ് ജലീലിനെ തള്ളിയെന്ന പ്രചാരണം.
ഇ.ഡി വരാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ജലീൽ പറഞ്ഞിട്ടുണ്ട്. ചന്ദ്രികയിലെ പ്രശ്നമാണ് ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. സി.പി.എമ്മിന് പാർട്ടിയുടേതായ നിലപാടുണ്ട്. അതിെൻറ ഭാഗമായി കാര്യങ്ങൾ നടത്തി േപാകുന്നുണ്ട്. അതിെൻറ ഭാഗമായി ജലീലും കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിയോട് ജലീൽ വ്യക്തിവിരോധം തീർക്കുന്നുവെന്ന രീതിയിൽ ആരും കണ്ടിട്ടില്ല. സി.പി.എം-ലീഗ് ബന്ധം എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നുമാണ് ഇതുസംബന്ധിച്ച വിമർശനങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.