കുട്ടികളുടെ അശ്ലീല വിഡിയോ വിപണിയിൽ കള്ളപ്പണം ഒഴുകുന്നു -കൈലാഷ് സത്യാർഥി
text_fieldsകൊച്ചി: കോടിക്കണക്കിന് അനധികൃത പണം ഒഴുകുന്ന മേഖലയാണ് കുട്ടികളുടെ അശ്ലീല വിഡിയോ വിപണിയെന്ന് നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ഒരുമിച്ച് പോരാടാൻ ആഹ്വാനം ചെയ്ത് കൊക്കൂൺ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല കാര്യങ്ങൾക്കായി ആവിഷ്കരിച്ച സാങ്കേതികവിദ്യകൾ കുട്ടികൾക്കെതിരെ വ്യാപകമായി ഉപയോഗിക്കുന്നു. കുട്ടികൾക്കെതിരെ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുമ്പോൾ ശിശു സൗഹൃദ രാജ്യം, ശിശു സൗഹൃദ ലോകം എന്നീ വാക്കുകൾ അർഥശൂന്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിൽ കേരളത്തിന്‍റെ ഇടപെടൽ മാതൃകാപരമാണ്. കുട്ടികളുടെ ഓൺലൈൻ സുരക്ഷക്കായി കേരള പൊലീസ് നടത്തുന്ന പ്രവർത്തനങ്ങളുമായി കൈലാഷ് സത്യാർഥി ഫൗണ്ടേഷൻ തുടർന്നും സഹകരിക്കും.
കുട്ടികൾക്കെതിരെയുള്ള ലൈഗിംക ചൂഷണം മാനസികവും ശാരീരികവുമായി അവരെ തളർത്തുമെന്നും ബച്പൻ ബെചാവോ ആന്തോളൻ സി.ഇ.ഒ രജ്നി സേഖ്രി സിബർ പറഞ്ഞു. കുട്ടികളെ മാനസികമായും നിയമപരമായും സഹായിക്കാൻ കൗൺസലിങ് സെന്‍ററുകൾ സ്ഥാപിക്കുമെന്നും അവർ പറഞ്ഞു. കേരള പൊലീസ് മേധാവി അനിൽകാന്ത് സി.സി.എസ്.ഇ ട്രാക് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കെതിരായ സൈബർ ആക്രമണങ്ങൾ തടയാൻ ഓപറേഷൻ പി ഹണ്ട് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
കേരള പൊലീസ് കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം തടയാൻ സ്ഥാപിച്ച സി.സി.എസ്.ഇ സെന്‍ററിന് നാല് വർഷത്തേക്ക് സൈബർ ഫോറൻസിക്, ലോ എൻഫോഴ്സ്മെന്‍റ്, വിക്ടിം ഐഡന്‍റിഫിക്കേഷൻ, സോഷ്യൽ മീഡിയ അനാലിസിസ് എന്നിവയിൽ സൗജന്യ പരിശീലനം നൽകാനുള്ള കരാർ രാജ്യാന്തര ഏജൻസിയായ ഇന്‍റർനാഷനൽ സെൻട്രൽ ഫോർ മിസിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രനുമായി (ഐ.സി.എം.ഇ.സി) ഒപ്പിട്ടു.
കേരള പൊലീസിനു വേണ്ടി സൈബർ ഡോം നോഡൽ ഓഫിസർ പി. പ്രകാശും ഐ.സി.എം.ഇ.സി വൈസ് പ്രസിഡന്‍റ് ഗുലാർമോ ഗലാസയുമാണ് കരാറിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.