കള്ളപ്പണമെത്തിച്ചത് വി.ഡി. സതീശന്‍റെ വാഹനത്തിലെന്ന് എ.കെ. ഷാനിബ്; ‘പരിശോധനാ വിവരം പൊലീസുകാർ ചോർത്തി നൽകി’
text_fieldsപാലക്കാട്: ജില്ലയിലേക്ക് കള്ളപ്പണം എത്തിച്ചത് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ വാഹനത്തിലെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ്. പ്രതിപക്ഷനേതാവെന്ന നിലയിലുള്ള ഔദ്യോഗിക സുരക്ഷ ദുരുപയോഗപ്പെടുത്തിയാണ് പണമടങ്ങുന്ന പെട്ടിയെത്തിച്ചതെന്നും പരിശോധന നടക്കുമെന്ന വിവരം പൊലീസുകാർ തന്നെയാണ് വി.ഡി. സതീശന് ചോർത്തി നൽകിയതെന്നും ഷാനിബ് പറഞ്ഞു.
പണം വീതംവെക്കാനും മണ്ഡലംതലത്തിൽ വിതരണം ചെയ്യാനുമുള്ള ശ്രമമായിരുന്നു. വി.ഡി. സതീശന്‍റെ വിദേശയാത്രകളിലടക്കം സന്തതസഹചാരിയായ വ്യക്തി കഴിഞ്ഞ പത്തു ദിവസം പാലക്കാട്ടും ചേലക്കരയിലുമുണ്ടായിരുന്നു. ഇയാൾ അദ്ദേഹത്തിന്റെ ബിനാമിയാണെന്നും ഷാനിബ് ആരോപിച്ചു.
പൊലീസ് വിവരം ചോർത്തിയില്ലായിരുന്നെങ്കിൽ കോടികളുടെ കള്ളപ്പണം പാലക്കാട്ടുനിന്ന് പിടികൂടുമായിരുന്നു. ഷാനിമോൾ ഉസ്മാനെ ഉപയോഗിച്ച് കോൺഗ്രസ് നാടകം സൃഷ്ടിച്ചു. എസ്.പി ഓഫിസ് മാർച്ചും നാടകമായിരുന്നു. പാർട്ടിയിലെ പ്രധാന ചില നേതാക്കൾ ജില്ലയിലുണ്ടായിട്ടും പ്രതിഷേധത്തിൽ പങ്കെടുത്തില്ല. മാർച്ചിന്‍റെ മറവിൽ പണം ഇക്കോ-സ്പോർട്ട് കാറിൽ എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചെന്നും ഷാനിബ് ആരോപിച്ചു.
ഷാഫി പറമ്പിൽ തെരഞ്ഞെടുപ്പുകളെ ധനാകർഷണതന്ത്രമാക്കി മാറ്റുന്നെന്ന് ആരോപിച്ച എ.കെ. ഷാനിബ് പറവൂരിലെയും ആറന്മുളയിലെയും രാഷ്ട്രീയം പാലക്കാട്ട് വിലപ്പോകില്ലെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.