കുഴൽപണക്കേസ്: വിമർശനവും പുറത്താക്കലുമായി ബി.ജെ.പി പാർട്ടിയിൽ വൻ കൊഴിഞ്ഞുപോക്ക്
text_fieldsകൊച്ചി: കൊടകര കുഴൽപണ ഇടപാടുമായി ബന്ധപ്പെട്ട് ജില്ലയിലെ ബി.ജെ.പിയിൽ രൂക്ഷമായ കലഹം പൊട്ടിത്തെറിയിൽ. നേതാക്കളെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ച യുവമോർച്ച മുൻ സംസ്ഥാന നേതാവ് അടക്കം ഏഴുപേരെ കഴിഞ്ഞ ദിവസം പുറത്താക്കി. യുവമോർച്ച മുൻ സംസ്ഥാന സമിതി അംഗം ആർ. അരവിന്ദൻ, കോതമംഗലം നിയോജക മണ്ഡലത്തിലെ പി.കെ. ബാബു, എം.എൻ. ഗംഗാധരൻ, സന്തോഷ് പത്മനാഭൻ, മനോജ് കാനാട്ട്, ജയശങ്കർ, അനിൽ മഞ്ചപ്പിള്ളി എന്നിവരെയാണ് പുറത്താക്കിയത്. കെ. സുരേന്ദ്രൻ പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം വൻതോതിൽ പ്രവർത്തകർ കൊഴിഞ്ഞുപോയിരുന്നു. തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയോടെ ഇത് രൂക്ഷമാകുകയും ചെയ്തു. ഇതിന് ഒടുവിലാണ് പുതിയ നടപടി.
കുഴൽപണ ഇടപാടുമായി ബന്ധപ്പെട്ട് ആർ. അരവിന്ദൻ മുമ്പ് കെ. സുരേന്ദ്രനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. മറ്റുള്ളവരെല്ലാം കമ്മിറ്റിയിൽ വിമർശനം ഉന്നയിച്ചവരാണ്. പാർട്ടിക്കുള്ളിലെ യോഗങ്ങളിൽപോലും വിമർശിക്കുന്നവരെ പുറത്താക്കുന്ന നടപടിയാണ് നേതൃത്വം കൈക്കൊള്ളുന്നതെന്ന വിമർശനം ഇതോടെ ശക്തമായിരിക്കു കയാണ്.
ധർമരാജ് പക്ഷത്ത് നിൽക്കാത്ത ധർമത്തിെൻറ പക്ഷത്ത് നിൽക്കുന്ന ആളുകളെയാണ് ബി.ജെ.പിയിൽനിന്ന് പുറത്താക്കിയതെന്ന് ആർ. അരവിന്ദൻ 'മാധ്യമ'ത്തോട് പറഞ്ഞു. സംസ്ഥാന കമ്മിറ്റി നിർദേശ പ്രകാരം പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ മൂന്നംഗ സമിതി രണ്ടാഴ്ച മുമ്പ് ജില്ലയിൽ എത്തിയിരുന്നു.
പ്രകാശ് ബാബു, ശിവൻകുട്ടി, ജോർജ്കുര്യൻ എന്നിവരാണ് എത്തിയത്. അവർക്ക് മുന്നിലും പാർട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടെന്ന് വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ, േനതാക്കൾക്ക് അനുകൂലമായി നിൽക്കുന്നവർ മാത്രം പാർട്ടിയിൽ മതിയെന്നാണ് അവരുടെ നിലപാട്.
കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡൻറ് ആയശേഷം എറണാകുളം ജില്ലയിൽ 300ഓളം പേർ പാർട്ടിവിട്ടു. കുന്നത്തുനാട്, പിറവം മേഖലകളിൽ നിന്നാണ് കൂടുതൽ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുള്ളത്. വോട്ടും പാർട്ടിയുടെ വളർച്ചയുമല്ല പണമാണ് നേതാക്കൾക്ക് ആവശ്യമെന്നും പുറത്താക്കപ്പെട്ടവർ പറയുന്നു. എന്നാൽ, പാർട്ടി അച്ചടക്കം പാലിക്കാത്തവരെയാണ് പുറത്താക്കിയതെന്ന് ബി.ജെ.പി നേതൃത്വം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.