തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിർത്തിവെക്കില്ല -മുഖ്യമന്ത്രി
text_fieldsആലപ്പുഴ: ജില്ലയിലെ തോട്ടപ്പള്ളി സ്പിൽവേയിൽ നടന്നുവരുന്ന കരിമണൽ ഖനനം നിർത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി. വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കുന്നതിനാണ് മുൻഗണന. എന്ത് സമരം നടന്നാലും വെള്ളമൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ തുടരും. സമരം ആയിരമല്ല ഇനിയും എത്ര ദിവസം പിന്നിട്ടാലും ഖനനം തുടരും. അതിന് തടസമായി നിന്നാൽ അത് അംഗീകരിക്കാനാവില്ല. നാടിന് ആവശ്യമുള്ള ഒരു കാര്യത്തെ തടയാൻ ആര് പുറപ്പെട്ടാലും അത് അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2018ലെ വെള്ളപ്പൊക്കത്തെ തുടർന്ന് റൂം ഫോർ റിവർ എന്ന ആശയം വന്നു. വെള്ളത്തിന് നിൽക്കാനും കൃത്യമായി സഞ്ചരിക്കാനും ഇടംവേണം. അതാണ് റൂം ഫോർ റിവർ കൊണ്ട് ഉദ്ദേശിക്കുന്നത്. വെള്ളത്തിന്‍റെ ഒഴുക്ക് നല്ല നിലയിൽ നടക്കുന്നതിനാണ് സ്പിൽവേ വികസിപ്പിക്കാൻ നടപടിയെടുത്തത്. ഇടുങ്ങിപ്പോയ സ്ഥലങ്ങളിൽ മണ്ണ് മാറ്റിയത് നല്ല ഫലം ചെയ്തു.
തോട്ടപ്പള്ളി സ്പിൽവേയിൽ ഖനനം നടത്തുന്നതിനെതിരെ ചില കോൺഗ്രസ് നേതാക്കളെല്ലാംകൂടി സമരം നടത്തിയതാണ്. സ്പിൽവേ വളരെ ഇടുങ്ങി നിൽക്കുകയായിരുന്നു. അത് വീതികൂട്ടി വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കണമായിരുന്നു. വീതികൂട്ടൽ പറ്റില്ല എന്നു പറഞ്ഞാണ് ചിലരുടെ ഇടപെടൽ ഉണ്ടായത്. ആ ഇടപെടൽ നടത്തിയവർക്ക് കരിമണൽ അടിച്ചെടുക്കുകയെന്ന മറ്റ് ഉദ്ദേശമായിരുന്നു. തട്ടിപ്പ് നടത്തുകയായിരുന്നു അവരുടെ ലക്ഷ്യം. ഞങ്ങൾ നിയതമായ രീതിയിലാണ് ഖനനം നടത്തിയത്. അവിടെ കെ.എം.എം.എൽ ആണ് ഖനനം നടത്തുന്നതെന്നാണ് എന്‍റെ ഓർമ. അതിന്‍റെ ഭാഗമായി ലഭിക്കുന്ന കരിമണൽ അവർ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.
ഖനനം നടത്തുന്നതിന്‍റെ ഗുണം കുട്ടനാട്ടുകാർക്കടക്കം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ വലിയതോതിൽ വെള്ളം കയറാതിരുന്നതിന് ഇവിടുത്തെ ഒഴുക്ക് ഒരുഘടകമായിരുന്നു. ഇനിയും ഇവിടെ ഒഴുക്ക് മെച്ചപ്പെടുത്തേണ്ടതുണ്ട്. അത് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.