വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; പ്രതി പിടിയിൽ
text_fieldsകൊച്ചി: വിവാഹ അഭ്യർഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ യുവാവ് നടുറോഡില്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ജീവന് രക്ഷിക്കാനായി. യുവതിയെ കുത്തിയശേഷം ബൈക്കില്‍ രക്ഷപ്പെട്ട കോതമംഗലം നെല്ലിമറ്റം പുത്തന്‍പുരയ്ക്കല്‍ ശ്യാമിനെ (28) പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെയിൻറിങ്ങിന്ഉപയോഗിക്കുന്ന പുട്ടി ബ്ലേഡ് കൊണ്ടാണ് ഇയാള്‍ യുവതിയെ കഴുത്തിലും ശരീരത്തിലും കുത്തിയതെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ആറരക്ക് കലൂര്‍ ദേശാഭിമാനിക്കടുത്ത് കറുകപ്പള്ളി റോഡില്‍ കൈരളി സ്ട്രീറ്റിന് സമീപമാണ് സംഭവം. സ്വകാര്യ ലബോറട്ടറിയിലെ ജീവനക്കാരിയാണ് കോതമംഗലം സ്വദേശിനിയായ യുവതി. എറണാകുളത്ത് ഹോസ്റ്റലിലാണ് താമസം. ജോലിസ്ഥലത്ത് ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ഇവരെ, ബൈക്കില്‍ പിന്തുടര്ന്നുവന്ന ശ്യാം പിടിച്ചുനിര്‍ത്തി പുട്ടി ബ്ലേഡ്കൊണ്ട് ആക്രമിക്കുകയായിരുന്നു. കഴുത്തിലും ഇടത് തോളിലും നടുവിനും ഇടതു തുടയിലും ആഴത്തില്‍ മുറിവേല്‍പ്പിച്ചു. യുവതിയുടെയും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടെയും നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. റിനൈ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ച യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവത്തിനുശേഷം ബൈക്കില്‍ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡിലെത്തിയ ശ്യാം അവിടെനിന്ന് മൂവാറ്റുപുഴയിലേക്ക് പോയി. മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോള്‍ കോതമംഗലം പൊലീസെത്തി പിടികൂടുകയായിരുന്നു. എറണാകുളം എ.സി.പി കെ. ലാല്‍ജിയുടെയും സെന്‍ട്രല്‍ സി.ഐ എ. അനന്തലാലിെൻറയും നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സെന്‍ട്രല്‍ സി.ഐ അനന്തലാലിനാണ് അന്വേഷണച്ചുമതല. കോതമംഗലം സ്വദേശികളായ ഇരുവരും നേരേത്ത പരിചയക്കാരാണെന്ന് പൊലീസ് പറഞ്ഞു. പെയിൻറിങ് തൊഴിലാളിയാണ് ശ്യാം. പെണ്‍കുട്ടിയോട് ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. വിവാഹാലോചനയുമായെത്തിയെങ്കിലും വീട്ടുകാർ ഇത് നിരസിച്ചു. ഇതിലുള്ള വൈരാഗ്യമാണ് വധശ്രമത്തില്‍ കലാശിച്ചെതന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.