Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാങ്കിനേക്കാൾ കുറഞ്ഞ...

ബാങ്കിനേക്കാൾ കുറഞ്ഞ പലിശക്ക് സ്വർണ പണയ വായ്പ! പുതിയ കൊള്ളയുമായി 'ബ്ലേഡു'കാർ

text_fields
bookmark_border
ബാങ്കിനേക്കാൾ കുറഞ്ഞ പലിശക്ക് സ്വർണ പണയ വായ്പ! പുതിയ കൊള്ളയുമായി ബ്ലേഡുകാർ
cancel

കോഴിക്കോട്: സ്വർണ പണയവായ്പ അനുവദിച്ച് പലിശക്കെണിയൊരുക്കി സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ. ദേശസാൽകൃത ബാങ്കുകളിലേതിന് സമാനമായി കുറഞ്ഞ പലിശക്ക് സ്വർണ പണയത്തിൽ വൻതുക വായ്പ നൽകി നിശ്ചിത കാലാവധിക്കുള്ളിൽ പലിശ ഇരട്ടിയാക്കിയാണ് കെണിയൊരുക്കുന്നത്. ഏഴ് ശതമാനം പലിശക്കെടുത്ത വായ്പക്ക് ഒറ്റയടിക്ക് 12 മുതൽ 18 ശതമാനംവരെ പലിശ വർധിപ്പിക്കുന്നതോടെ ഈടുവെച്ച സ്വർണാഭരണം തിരിച്ചെടുക്കാനോ പലിശയടക്കാനോ കഴിയാതെ വെട്ടിലാവുകയാണ് സാധാരണക്കാർ. രണ്ടോ മൂന്നോ തവണ നോട്ടീസ് അയക്കുന്നതിന് പിന്നാലെ സ്വർണം ലേലത്തിന് വെച്ചുമാണ് വഞ്ചന.

ദേശസാൽകൃത ബാങ്കുകളിൽ വിവിധ സ്കീമുകളിലായി നാലു മുതൽ ഏഴുശതമാനംവരെ പലിശക്ക് സ്വർണ പണയവായ്പ ലഭിക്കുന്നുണ്ട്. മുമ്പില്ലാത്തവിധം സ്വർണ പണയവായ്പക്ക് ബാങ്കുകൾ പ്രാധാന്യം നൽകുകയും പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ച് കൂടുതൽ പേർക്ക് വായ്പ അനുവദിക്കുകയും ചെയ്യുന്നതിനാൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലേക്ക് വായ്പക്ക് ചെല്ലുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്. ഇത് മറികടക്കാനും കൂടുതൽപേരെ ആകർഷിക്കാനുമായി ബ്ലേഡ് സ്ഥാപനങ്ങൾ ദേശസാൽകൃത ബാങ്കിലേതിന് സമാനമായ പലിശനിരക്ക് വാഗ്ദാനംചെയ്ത് പരസ്യം നൽകുകയാണ് ആദ്യം ചെയ്യുന്നത്.


ഒരുവർഷത്തേക്ക് അനുവദിക്കുന്ന വായ്പക്ക് മാസത്തിൽ പലിശ അടക്കുന്ന രീതിയായതിനാൽ വലിയ ബാധ്യത ആവില്ലെന്ന കണക്കുകൂട്ടലിൽ മിക്കവരും ഈ സ്കീമിൽ വലിയ തുകകളാണ് വായ്പയെടുത്തത്. എന്നാൽ, കാലാവധി തീരും മുമ്പ് സ്കീം റദ്ദായെന്നുപറഞ്ഞ് അമിത പലിശ അടപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്.

ഗ്രാമീണമേഖലയിലെ സ്ത്രീകൾ അടക്കമുള്ളവരാണ് ഇതോടെ പലിശക്കെണിയിലായത്. കക്കോടിയിലെ സ്വകാര്യ ധനകാര്യസ്ഥാപനം ഇത്തരത്തിൽ വാഗ്ദാനം ലംഘിച്ച് പലിശ ഏകപക്ഷീയമായി കൂട്ടിയതോടെ ഉപഭോക്താക്കൾ പ്രതിഷേധവും സ്ഥാപനത്തെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിട്ടുണ്ട്.


12 മാസത്തേക്ക് ഏഴുശതമാനം പലിശക്ക് വായ്പയനുവദിച്ച് പെട്ടെന്ന് പലിശ കൂട്ടിയ നടപടിയെ ചോദ്യം ചെയ്യുന്ന ഉപഭോക്താക്കൾക്ക് മുന്നിൽ മാനേജ്മെന്‍റ് സ്കീം റദ്ദാക്കിയതിനാൽ ഞങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്ന ഒഴുക്കൻ മറുപടിയാണ് ജീവനക്കാർ നൽകുന്നത്. ഇവരുടെ വാഗ്ദാനത്തിൽ വഞ്ചിതരായി നിരവധി പേരാണ് ദേശസാൽകൃത ബാങ്കുകളിലെ ഉൾപ്പെടെ സ്വർണ പണയം ഇങ്ങോട്ടുമാറ്റി ലക്ഷക്കണക്കിന് രൂപ വിവിധ ആവശ്യങ്ങൾക്കായി കൈപ്പറ്റിയത്. അതിനിടെ പലിശക്കെണിയൊരുക്കി വഞ്ചിച്ച സ്ഥാപനത്തിനെതിരെ ചില ഇടപാടുകാർ ഉപഭോക്തൃഫോറത്തിൽ പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ പലിശക്കെണിയൊരുക്കി ഈടുനൽകിയ ഭൂമിയും സ്വർണാഭരണവുമെല്ലാം തട്ടിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ 'ഓപറേഷൻ കുബേര' എന്നപേരിൽ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചിരുന്നു. പൊലീസ് പരിശോധന കുറഞ്ഞതോടെയാണ് സാധാരണക്കാരെ പലിശക്കെണിയിൽ പെടുത്തുന്ന നടപടി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ വീണ്ടും ആരംഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി പൊലീസിൽ രൂപവത്കരിച്ച് പ്രത്യേക ടീം ഇത്തരം സംഭവങ്ങളിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

കിടപ്പാടം തട്ടുന്നവരും സജീവം

കോഴിക്കോട്: പലിശക്കെണിയൊരുക്കി പാവങ്ങളുടെ കിടപ്പാടം തട്ടുന്നവരും നാട്ടിൻപുറങ്ങളിൽ സജീവമാകുന്നു. വീടുൾപ്പെടുന്നതടക്കം ഭൂമിയുടെ ആധാരം ഈടായിവാങ്ങിയാണ് വൻ തുക പലിശക്ക് നൽകുന്നത്. പലിശ മുടങ്ങുന്നതോടെ പിഴപ്പലിശയും ഈടാക്കും. അതോടെ മുതലിലേക്ക് അടക്കാനാവാതെ പലിശ മാത്രമേ സാധാരണക്കാർക്ക് നൽകാനാവൂ. ലക്ഷക്കണക്കിന് രൂപ തിരിച്ചുനൽകിയാലും പലപ്പോഴും വായ്പയുടെ മുതലിലേക്ക് ഒന്നും വന്നിട്ടുണ്ടാവില്ല. ഇതോടെ കാലാവധി അവസാനിച്ചെന്ന് പറഞ്ഞ് ഈടുവെച്ച പുരയിടം കൈക്കലാക്കാനും മറിച്ചുവിൽക്കാനും സ്ഥാപനങ്ങൾ തന്നെ കോപ്പുകൂട്ടുകയാണ്. ചുളുവിലയ്ക്ക് ഇത്തരം സ്ഥലങ്ങൾ കൈക്കലാക്കാൻ ചില ഏജന്‍റുമാരും പ്രവർത്തിക്കുന്നുണ്ട്.


നേരത്തെ മാവൂർ റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനം പലിശക്കെണിയൊരുക്കി കക്കയം സ്വദേശിനിയായ സ്ത്രീയുടെ നാലു സെന്‍റ് പുരയിടം കൈക്കലാക്കാൻ ശ്രമംനടത്തിയിരുന്നു. വായ്പ തുകയുടെ പകുതിയിലേറെ അടച്ചിട്ടും പലിശ മാത്രമേ ആയിട്ടുള്ളൂ എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഈടുവെച്ച പുരയിടം കൈക്കലാക്കാനുള്ള ശ്രമം.

ഇതോടെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് സ്ഥാപനത്തിനെതിരെ രംഗത്തുവരുകയും നടക്കാവ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് പൊലീസ് ഇവരുടെ ആധാരം വീണ്ടെടുത്ത് നൽകുകയായിരുന്നു. സമാന സംഭവങ്ങൾ ബാലുശ്ശേരി, താമരശ്ശേരി, കൊയിലാണ്ടി ഭാഗങ്ങളിലും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് കാലത്ത് അടവുകൾ മുടങ്ങിയതിന്‍റെ പലിശയും കൂട്ടുപലിശയും ചേർത്തുള്ള തുക പെട്ടെന്ന് അടച്ചുതീർക്കണമെന്ന നിർദേശമാണ് വായ്പയെടുത്ത പലർക്കും തിരിച്ചടിയാവുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bankgold loaninterestloan fraudblade mafia
News Summary - ‘Blades’ offering lower interest rate than bank
Next Story