കോവിഡ് കാലത്ത് ആശാ വർക്കർമാർ നടത്തിയ ഇടപെടലാണ് ഭരണത്തുടർച്ച ഉറപ്പാക്കിയത്; അവരുടെ പ്രശ്നം പരിഹരിക്കാതെ കേന്ദ്രത്തെ പഴിക്കുന്നത് അപഹാസ്യം -വി. മുരളീധരൻ
text_fieldsതൃശൂർ: സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരോടുള്ള നിഷേധാത്മക സമീപനം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പി.എസ്.സി അംഗങ്ങള്‍ക്കും കെ.വി. തോമസിനും ലക്ഷങ്ങള്‍ പ്രതിഫലം വർധിപ്പിക്കുന്നത് തെരുവില്‍ സമരം ചെയ്യുന്ന പാവപ്പെട്ട സ്ത്രീകളെ അപമാനിക്കലാണ്. ആശാ വർക്കർമാരുടെ സമരത്തിലും പതിവുപോലെ കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സർക്കാരിന്‍റെ നീക്കമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കോവിഡ് കാലത്ത് ആശാ വർക്കർമാർ നടത്തിയ ഇടപെടലാണ് ഭരണത്തുടർച്ച ഉറപ്പാക്കിയതെന്ന വസ്തത മുഖ്യമന്ത്രി ഓർക്കണമായിരുന്നു. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ 2023-‘24ല്‍ 189.15 കോടിയും 2024-‘25ൽ 815.73 കോടിയും കേരളത്തിന് കേന്ദ്രം കൊടുത്തു. ഇനി എത്ര ഫണ്ട് കിട്ടാനുണ്ടെന്ന് ആരോഗ്യ മന്ത്രി
വ്യക്തമാക്കണം. ക്ഷേമ പെന്‍ഷന്‍ കുടിശിക മുതല്‍ ആശാ വർക്കർമാരുടെ ഓണറേറിയം വരെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ പഴിക്കുന്നത് പരിഹാസ്യമാണ്.
അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്‍റേതല്ല, വരേണ്യ വര്‍ഗത്തിന്‍റെ പാര്‍ട്ടിയാണെന്ന് തെളിയിക്കുകയാണ് സി.പി.എം. ഏറ്റവും ദുരിതം അനുഭവിക്കുന്നവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിട്ട് രാഷ്ട്രീയ നിയമനം നേടിയ വന്‍കിടക്കാര്‍ക്കായി ഖജനാവിലെ പണമൊഴുക്കുന്ന സമീപനം പിണറായി വിജയൻ അവസാനിപ്പിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.