മയ്യിൽ പൊലീസിന്‍റെ നോട്ടീസ് മുകളിൽ നിന്നുള്ള നിർദേശപ്രകാരം; പള്ളികൾ നിരീക്ഷണത്തിൽ തന്നെ
text_fieldsകണ്ണൂർ: ജുമുഅ പ്രഭാഷണം നിയന്ത്രിക്കാൻ നോട്ടീസ് നൽകിയ മയ്യിൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറെ തള്ളിപ്പറയുമ്പോഴും പള്ളികൾ പൊലീസ് നിരീക്ഷണത്തിൽ തന്നെ. ജുമുഅ പ്രഭാഷണങ്ങളിൽ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് നടക്കുന്ന പരാമർശങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
ഇതുസംബന്ധിച്ച് സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് ജില്ല പൊലീസ് മേധാവികളുടെ നിർദേശമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മയ്യിൽ പൊലീസ് സ്റ്റേഷൻ ഓഫിസർ ബിജു പ്രകാശ് പള്ളി കമ്മിറ്റി സെക്രട്ടറിമാർക്ക് നോട്ടീസ് നൽകിയതെന്നാണ് വിവരം. നോട്ടീസ് വിവാദമായതിനു പിന്നാലെ ബിജു പ്രകാശ് കണ്ണൂർ പൊലീസ് കമീഷണർക്ക് നൽകിയ വിശദീകരണത്തിലും അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്.
ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ രാജ്യാന്തര വിവാദമായി വളരുകയും ഉത്തരേന്ത്യയിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ തകർക്കുന്നത് ആവർത്തിക്കുകയും ചെയ്തതോടെ മുസ്ലിം സമുദായത്തിനുള്ളിൽ വിഷയം നീറുന്ന ചർച്ചയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ പ്രഭാഷണങ്ങളിൽ പലേടത്തും ഇക്കാര്യം വിഷയമായെന്നും പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിഷേധങ്ങളിൽ കരുതൽ വേണമെന്നും രഹസ്യാന്വേഷണ വിഭാഗം സർക്കാറിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതേതുടർന്നാണ് ജില്ല പൊലീസ് മേധാവികൾ പള്ളികളിലെ പ്രസംഗങ്ങൾ നിരീക്ഷിക്കാൻ നിർദേശം നൽകിയത്. രഹസ്യ നിരീക്ഷണത്തിനുള്ള നിർദേശം പക്ഷേ, മയ്യിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ പള്ളി കമ്മിറ്റി സെക്രട്ടറിമാർക്ക് നോട്ടീസായി നൽകിയതോടെ പരസ്യമായി.
ഇതോടെയാണ് ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫിസിന് നോട്ടീസ് തള്ളിപ്പറയേണ്ടി വന്നത്. തള്ളിപ്പറഞ്ഞുവെങ്കിലും പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് ജുമുഅ പ്രഭാഷണങ്ങൾ ഉൾപ്പെടെയുള്ളവ പൊലീസ് നിരീക്ഷിക്കുന്നത് തുടരുന്നുവെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നുള്ള വിവരം.
സാമുദായികമായും രാഷ്ട്രീയമായും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതത് വിഭാഗത്തിനകത്ത് നടക്കുന്ന പ്രസംഗങ്ങളും ചർച്ചകളും നീക്കങ്ങളും നിരീക്ഷിച്ച് റിപ്പോർട്ട് നൽകുകയെന്നത് സ്പെഷൽ ബ്രാഞ്ചിന്‍റെയും മറ്റ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും ജോലിയാണെന്നും അവർ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.