തെരുവൻപറമ്പിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്ക്
text_fieldsനാദാപുരം: കല്ലാച്ചിക്കടുത്ത തെരുവൻപറമ്പിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. പെരുവങ്കര റോഡിൽ സി.പി.എം പ്രവർത്തകൻ ഈന്തുള്ളതിൽ ബിനു സ്മാരക സ്തൂപത്തിനുസമീപമുള്ള കക്കുഴി പറമ്പത്ത് ആൾപാർപ്പില്ലാത്ത പറമ്പിൽ മതിൽ നിർമിക്കുന്നതിന് മണ്ണ് നീക്കുന്നതിനിടെ കല്ലാച്ചി ചീറോത്ത് എടവത്ത് ബാലനാണ്- (65) സ്ഫോടനത്തിൽ പരിക്കേറ്റത്. പറമ്പിെൻറ പൊത്തിൽ സൂക്ഷിച്ചതായി കരുതുന്ന ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്.
കൈകൾക്കും കാലുകൾക്കും സാരമായി പരിക്കേറ്റ ബാലനെ ഓടിക്കൂടിയ നാട്ടുകാർ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമികചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നടത്തിയ ശസ്ത്രക്രിയയിൽ ഇടതുകൈയിലെ പെരുവിരൽ നീക്കം ചെയ്തു.
ഞായറാഴ്ച രാവിലെ ഒമ്പതരക്കാണ് സ്ഫോടനം നടന്നത്. ബാലനടക്കം രണ്ട് തൊഴിലാളികളാണ് സ്ഥലത്ത് ജോലിചെയ്തിരുന്നത്. പറമ്പിെൻറ ഉടമ കല്ലാച്ചിയിലെ തൈക്കണ്ടി മുനീറും ഇവരുടെ അടുത്തുണ്ടായിരുന്നു. മുനീറിന് പരിക്കൊന്നുമില്ല. ബാലെൻറ കൂടെ ജോലി ചെയ്തിരുന്ന തൈക്കണ്ടിയിൽ ചന്ദ്രൻ ആ സമയം വെള്ളം എടുക്കാൻ പുറത്ത് പോയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മണ്ണ് നീക്കുന്നതിന് കൈക്കോട്ട് കൊണ്ട് കൊത്തുമ്പോൾ മണ്ണിനടിയിൽ സൂക്ഷിച്ചിരുന്ന ബോംബിൽ തട്ടിയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിെൻറ ആഘാതത്തിൽ ബാലെൻറ കൈക്കോട്ട് ഏതാണ്ട് 30 -മീറ്ററോളം ദൂരത്ത് തെറിച്ചുപോയി. നാദാപുരം പൊലീസ് സ്ഥലത്തെത്തി സ്ഫോടനത്തിെൻറ അവശിഷ്ടങ്ങൾ ശേഖരിച്ചു. പ്രദേശത്ത് പിന്നീട് പൊലീസ് റെയ്ഡ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.