തമ്മിൽ തർക്കങ്ങളില്ലെന്ന് ബ്ലെസിയും ബെന്യാമിനും
text_fieldsകോഴിക്കോട്: ഞങ്ങൾ തമ്മിൽ തർക്കങ്ങളില്ലെന്ന് സംവിധായകൻ ബ്ലെസിയും നോവലിസ്റ്റ് ബെന്യാമിനും. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ആടുജീവിതം’ സിനിമാ അണിയറ പ്രവർത്തകരുടെയും അഭിനേതാക്കളുടെയും മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
‘ആടുജീവിതം’ നോവലിനെ സിനിമാ സ്ക്രിപ്റ്റാക്കുക എന്നതായിരുന്നു വലിയ വെല്ലുവിളിയെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. അതായിരുന്നു എന്റെ അതിജീവനം. നോവലിനപ്പുറമുള്ള നജീബിന്റെ ജീവിതത്തെക്കുറിച്ചാണ് ചിന്തിച്ചത്. നോവലിൽ ബെന്യാമിൻ പറയാത്ത കാര്യങ്ങൾ മറ്റൊരു രീതിയിൽ അവതരിപ്പിക്കാനാണ് സിനിമയിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. നോവൽ ഓരോ വായനക്കാരനിലും ഓരോ കാഴ്ചകൾ നൽകിയിട്ടുണ്ടാവും. ഒരാൾ കണ്ടതിനും അപ്പുറമെന്തെന്ന് ഭാവനയിലൂടെ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. നോവലിൽനിന്ന് വ്യത്യസ്തമായി മരുഭൂമിയിൽ നിന്നുള്ള രക്ഷപ്പെടലിലാണ് സിനിമ കേന്ദ്രീകരിച്ചത്. സിനിമയെ അന്തർദേശീയ തലത്തിലേക്ക് ഉയർത്താനായിരുന്നു ശ്രമം.
സംവിധായകൻ എന്ന സ്വാതന്ത്ര്യമുപയോഗിച്ച് പുസ്തകത്തിലില്ലാത്ത പല രംഗങ്ങളും ഉൾപ്പെടുത്തി. വളരെ മുമ്പുതന്നെ ബെന്യാമിൻ അതിനുള്ള അനുമതി തന്നിരുന്നതായും ബ്ലെസി വെളിപ്പെടുത്തി.
വായനാ സമൂഹത്തിന് അപ്പുറത്തുള്ളവരാണ് സിനിമ ഇറങ്ങിയ ശേഷം വിവാദങ്ങളുമായി വരുന്നതെന്നും പിന്നിൽ കൃത്യമായ അജൻഡ ഉണ്ടെന്നും എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു. നോവലിനെയോ കഥാപാത്രത്തെയോകുറിച്ച് വായനക്കാരന് സംശയങ്ങളില്ലായിരുന്നു. എന്നാൽ, നോവൽ വായിക്കാതെ സിനിമയെ സമീപിച്ചവർക്കാണ് സംശയങ്ങളുണ്ടായത്. ആടുജീവിതത്തിന്റെ രണ്ടാംഭാഗം ഒരു സാധ്യത മാത്രമാണ്. അത് നടക്കണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. നടൻ ഗോകുൽ, ഗായകൻ ജിതിൻ രാജ്, റോബിൻ ജോർജ്, മൂസക്കുട്ടി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.