ആന്റിബയോട്ടിക് നിയന്ത്രണത്തിന് ബ്ലോക്ക് തല സമിതികൾ; കണ്ണുവേണം കുറിപ്പടിയിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം കുറക്കുന്നതിന് ഡോക്ടർമാരുടെ കുറിപ്പടികൾ ഓഡിറ്റ് ചെയ്യാൻ ആരോഗ്യവകുപ്പ് തീരുമാനം. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് ബ്ലോക്ക്തല ആന്റി മൈക്രോബിയല്‍ െറസിസ്റ്റന്‍സ് കമ്മിറ്റികള്‍ക്കുള്ള (എ.എം.ആര്) മാർഗരേഖയിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.
ബ്ലോക്ക് തലത്തിൽ മൂന്നുമാസത്തിലൊരിക്കല്‍ 100 കുറിപ്പടികളെങ്കിലും പരിശോധിക്കണമെന്ന് മാർഗരേഖ പറയുന്നു. ഇതിനുപുറെമ എല്ലാ സ്ഥാപനങ്ങളിലും പ്രതിമാസം കുറഞ്ഞത് 50 കുറിപ്പടികള്‍ പൊതുവായി പരിശോധിക്കണം. ‘അംഗീകൃത ഡോക്ടറുടെ കുറിപ്പടിയില്‍ മാത്രമേ ആന്റിബയോട്ടിക് നല്‍കുകയുള്ളൂ’ എന്ന ബോര്‍ഡ് എല്ലാ ഫാര്‍മസികളിലും മെഡിക്കല്‍ സ്റ്റോറുകളിലും പ്രദര്‍ശിപ്പിക്കണം.
ഇത്തരം നിയന്ത്രണങ്ങളിലൂടെയും ക്രമീകരണങ്ങളിലൂടെയും ജനറിക് മരുന്നുകളെ പ്രോത്സാഹിപ്പിക്കാനും പോളിഫാര്‍മസി കുറക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
പ്രാഥമികാരോഗ്യകേന്ദ്രം, കുടുംബാരോഗ്യകേന്ദ്രം, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രം തുടങ്ങിയവയെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനും മാർഗരേഖ ലക്ഷ്യമിടുന്നു. എല്ലാ ആരോഗ്യപ്രവര്‍ത്തകരും അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും പരിശീലനം നേടൽ, കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യൽ എന്നിവയും മാർഗരേഖ ആവശ്യപ്പെടുന്നു.
ബ്ലോക്ക്തല എ.എം.ആര് കമ്മിറ്റികളുടെ രൂപവത്കരണം, ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, നിരീക്ഷണം എന്നിവ സംബന്ധിച്ച സമഗ്ര മാര്‍ഗരേഖയാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയത്. പ്രധാന സ്വകാര്യ ആശുപത്രികളെക്കൂടി ഈ ശൃംഖലയുടെ ഭാഗമാക്കാനും തീരുമാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.