ബി.എൽ.ഒ: വകുപ്പുകൾക്ക് മടി, ജീവനക്കാർക്ക് വിമുഖത; വടിയെടുത്ത് കമീഷൻ
text_fieldsതിരുവനന്തപുരം: ബ്ലോക്ക് ലെവൽ ഓഫിസർമാരെ (ബി.എൽ.ഒ) അനുവദിക്കുന്നതിലും വിവരം നൽകുന്നതിലും വകുപ്പുകൾ മടികാണിക്കുന്നെന്നും ഇത് തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നുമുള്ള രൂക്ഷ വിമർശനവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ. ബി.എൽ.ഒമാരായി നിയമിക്കുന്ന ജീവനക്കാർ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കാനുള്ള പ്രവണതയാണ് കാട്ടുന്നതെന്നും ഇതിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും വകുപ്പ് സെക്രട്ടറിമാർക്കും കലക്ടർമാർക്കുമുള്ള സർക്കുലറിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ മുന്നറിയിപ്പ് നൽകി.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർ പട്ടിക തയാറാക്കലടക്കം സുപ്രധാന ജോലികളാണ് മുന്നിലുള്ളത്. എന്നാൽ, ബി.എൽ.ഒമാരുടെ നിയമനവും പ്രവർത്തനവും സംബന്ധിച്ച അനിശ്ചിത്വം വലിയ തലവേദനയാകുന്ന സാഹചര്യത്തിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ ഇടപെടൽ.
ബി.എൽ.ഒമാരാകാൻ സർക്കാർ ജീവനക്കാർ വിമുത കാട്ടുകയാണെന്നാണ് വിമർശനം. ബി.എൽ.ഒമാരുടെ നിയമനത്തിനായി ഡാറ്റ ബാങ്കിലേക്ക് യോഗ്യരായ ജീവനക്കാരുടെ വിവരങ്ങൾ തേടിയിരുന്നു. എന്നാൽ, പല വകുപ്പുകളും ഇക്കാര്യത്തിൽ നിസ്സംഗത കാട്ടുകയാണ്. ഭരണഘടനപരമായി ചെയ്യേണ്ട വോട്ടർ പട്ടിക പുതുക്കലിനെക്കുറിച്ചും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ചും ജീവനക്കാർക്ക് വേണ്ടത്ര അവബോധമില്ലാത്തതാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണമെന്ന് വ്യവസ്ഥകളടക്കം പരാമർശിച്ചാണ് സർക്കുലർ അയച്ചത്.
പാർലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് വോട്ടർപട്ടിക തയാറാക്കാൻ തെരഞ്ഞെടുപ്പ് കമീഷനാണ് അധികാരമെന്നും ഇതിനാവശ്യമായ ജീവനക്കാരെ വിട്ടുനൽകൽ സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്നും സർക്കുലറിൽ അടിവരയിടുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനം സംബന്ധിച്ച് മതിയായ ബോധവത്കരണം ജീവനക്കാർക്ക് സർക്കാർ നൽകണമെന്നും കമീഷൻ നിർദേശിക്കുന്നു. മതിയായ കാരണമില്ലാതെ ബി.എൽ.ഒ ഡ്യൂട്ടി ചെയ്യാൻ വിമുഖത കാട്ടുന്നവർക്കെതിരെ കലക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
ഒരു വര്‍ഷത്തേക്ക് 6000 രൂപയാണ് ബി.എൽ.ഒമാർക്കുള്ള ഓണറേറിയം. 1200 രൂപ ഫോണ്‍ ചാര്‍ജ് ഇനത്തിലും കിട്ടും. ഒഴിവുസമയങ്ങളിലും അവധി ദിവസങ്ങളിലുമാണ് ഇവർ പ്രവർത്തിക്കേണ്ടത്. ഇതാണ് ജീവനക്കാരുടെ വൈമുഖ്യത്തിന് കാരണം. നിലവിലെ ബി.എൽ.ഒമാർ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമൊക്കെയായി ഒഴിവാകുമ്പോൾ പകരം നിയമിക്കാനാണ് അർഹരായവരുടെ ഡേറ്റാ ബാങ്ക് തെരഞ്ഞെടുപ്പ് കമീഷൻ തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.