ബില്ലുകൾക്ക് അനുമതി തടയൽ: സർവകലാശാലകളിലെ സർക്കാർ പ്രതിരോധം ദുർബലമാകും
text_fieldsതിരുവനന്തപുരം: സർവകലാശാല നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അനുമതി തടഞ്ഞതോടെ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റികളിലേക്ക് പ്രതിനിധികളെ നൽകുന്നത് തടഞ്ഞുള്ള സർക്കാറിന്റെ പ്രതിരോധതന്ത്രം ദുർബലപ്പെടും.
സെർച് കമ്മിറ്റി ഘടനയിൽ മാറ്റം വരുത്താനുള്ള ബില്ല് രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും ഇതുസംബന്ധിച്ച് യു.ജി.സി റെഗുലേഷനിലും സർവകലാശാല നിയമങ്ങളിലും വൈരുധ്യമുണ്ടെന്നുമുള്ള വാദം നിരത്തിയായിരുന്നു സെർച് കമ്മിറ്റിയിലേക്കുള്ള സർവകലാശാല പ്രതിനിധികളെ നൽകുന്നത് സർക്കാർ തടഞ്ഞത്.
ഇതിനായി സർവകലാശാലകളിൽ ഗവർണറുടെ നിർദേശപ്രകാരം വിളിച്ച പ്രത്യേക സെനറ്റ്/ജനറൽ കൗൺസിൽ/ബോർഡ് ഓഫ് ഗവേണേഴ്സ് യോഗങ്ങളിൽ സി.പി.എം അംഗങ്ങൾ പ്രമേയം അവതരിപ്പിച്ച് പാസാക്കി പ്രതിനിധിയെ നൽകുന്നത് തടയുന്ന രീതിയാണ് നടപ്പാക്കിയിരുന്നത്.
കേരള, കാർഷിക, സാങ്കേതിക സർവകലാശാലകളിലെല്ലാം പ്രതിനിധിയെ നൽകുന്നതിനെതിരായ പ്രമേയം പാസാക്കി. കേരള സർവകലാശാലയിൽ വി.സിയെ മാറ്റിനിർത്തി പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു യോഗത്തിൽ അധ്യക്ഷത വഹിച്ചെടുത്ത തീരുമാനത്തിൽ ഗവർണറുടെ തീരുമാനം വരാനിരിക്കുകയാണ്.
പ്രതിനിധിയെ നൽകുന്നതിനെതിരായി സർക്കാറും ഭരണപക്ഷവും ചൂണ്ടിക്കാട്ടിയിരുന്നത് ഗവർണർ ഒപ്പുവെക്കാതെ രാഷ്ട്രപതിക്കയച്ച സർവകലാശാല നിയമഭേദഗതി ബില്ലായിരുന്നു. ഇതിൽ തീരുമാനം വരുന്നതുവരെ പ്രതിനിധിയെ നൽകേണ്ടതില്ലെന്ന നിലപാടായിരുന്നു പ്രമേയങ്ങളിൽ.
സർവകലാശാലകളോട് സെർച് കമ്മിറ്റി പ്രതിനിധികളെ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയാറായിരുന്നില്ല. കേരള, കാലിക്കറ്റ് സെനറ്റുകളിലേക്ക് സർവകലാശാല നൽകിയ പട്ടിക വെട്ടി സംഘ്പരിവാർ അനുകൂലികളെ ഗവർണർ തിരുകിക്കയറ്റിയതോടെയാണ് വി.സി നിയമനത്തിലും സർക്കാർ അപകടം മണത്തത്.
സംസ്ഥാനത്തെ സർവകലാശാലകളുടെ തലപ്പത്ത് വി.സിമാരായി സംഘ്പരിവാർ അനുകൂലികളെ രാജ്ഭവനെ ഉപയോഗിച്ച് പ്രതിഷ്ഠിക്കാൻ ബി.ജെ.പി സംസ്ഥാന ഘടകം ഇടപെട്ട് ശ്രമം നടത്തിവരുന്നുണ്ട്.
കാലിക്കറ്റ് വി.സി നിയമനത്തിൽ സർക്കാർ സമ്മർദത്തെ തുടർന്നാണ് സംഘ്പരിവാർ നോമിനിയെ നിയമിക്കാതിരുന്നത്. സർക്കാറും ഗവർണറും ഏറ്റുമുട്ടൽ പാതയിലായശേഷമാണ് രണ്ട് സർവകലാശാലകളിലെ സെനറ്റിലേക്ക് ഗവർണർ സംഘ്പരിവാർ നോമിനികളെ നാമനിർദേശം ചെയ്തത്. സർവകലാശാലകളിൽ സർക്കാർ ഇടപെടൽ തടഞ്ഞ് അധികാരമുറപ്പിക്കാൻ ഗവർണർ നീക്കം നടത്തുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.