സർവകലാശാല ബിൽ തടയൽ; ഗവർണർ വീണ്ടും സെർച് കമ്മിറ്റി പ്രതിനിധികളെ തേടും
text_fieldsതിരുവനന്തപുരം: സർവകലാശാല നിയമഭേദഗതി ബില്ലുകൾ രാഷ്ട്രപതി തടഞ്ഞതോടെ, വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റികളിലേക്കുള്ള സർവകലാശാല പ്രതിനിധികളെ നൽകാൻ വീണ്ടും ഗവർണർ നിർദേശം നൽകും. ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്ന കാരണം പറഞ്ഞാണ് മൂന്ന് സർവകലാശാലകൾ പ്രതിനിധികളെ നൽകേണ്ടതില്ലെന്ന് പ്രമേയം പാസാക്കിയത്.
കേരള, കാർഷിക, സാങ്കേതിക സർവകലാശാലകളാണ് സെനറ്റ്/ ജനറൽ കൗൺസിൽ/ബോർഡ് ഓഫ് ഗവേണേഴ്സ് യോഗം വിളിച്ച് പ്രമേയം പാസാക്കി രാജ്ഭവനെ അറിയിച്ചത്. ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി തടഞ്ഞതോടെ, പ്രതിനിധിയെ നൽകാതിരിക്കാൻ ചൂണ്ടിക്കാട്ടിയ സാഹചര്യം നീങ്ങിയെന്നാണ് രാജ്ഭവൻ വിലയിരുത്തൽ.
സ്ഥിരം വൈസ്ചാൻസലർമാരില്ലാത്ത എം.ജി, മലയാളം, കണ്ണൂർ സർവകലാശാലകൾക്കും ഇതേ നിർദേശം നൽകും. പ്രതിനിധിയെ നൽകുന്നതിന് തടസ്സമായി കോടതികളിലുൾപ്പെടെ ചൂണ്ടിക്കാട്ടിയ ബില്ലുകളുടെ കാര്യത്തിൽ രാഷ്ട്രപതിയുടെ തീരുമാനം വന്നതോടെ, സർവകലാശാലകളുടെ നിയമപരമായ പ്രതിരോധവും ദുർബലമാകും.
സെർച് കമ്മിറ്റിയുടെ കാര്യത്തിൽ യു.ജി.സി റെഗുലേഷനും സർവകലാശാല നിയമങ്ങളും തമ്മിൽ വൈരുധ്യം നിലനിൽക്കെ, നിയമത്തിൽ പറയുന്ന രീതിയിലുള്ള മൂന്നംഗ സെർച് കമ്മിറ്റി രൂപവത്കരിക്കാനാകില്ലെന്നാണ് സർവകലാശാലകളുടെയും സർക്കാറിന്റെയും വാദം. ഈ വൈരുധ്യത്തിനുള്ള പരിഹാരം കൂടിയായാണ് സെർച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചാക്കി ഉയർത്തി ബിൽ കൊണ്ടുവന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർ വിശദീകരിക്കുന്നു.
സർവകലാശാല നിയമപ്രകാരം നിയമിച്ച വി.സിമാരുടെ നിയമനം യു.ജി.സി റെഗുലേഷന് വിരുദ്ധമാണെന്നുകാണിച്ചാണ് ഗവർണർ പിരിച്ചുവിടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകിയത്. വീണ്ടും ഇതേ നിയമത്തിലെ വ്യവസ്ഥ ഉപയോഗിച്ച് വി.സി നിയമനം നടത്താൻ കഴിയില്ലെന്നും ഇവർ പറയുന്നു.
സെർച് കമ്മിറ്റി ഘടന മാറ്റുന്നതിനുപുറമെ, ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള ബില്ലും സർവകലാശാലകളുടെ അപ്പലേറ്റ് ട്രൈബ്യൂണൽ നിയമനാധികാരത്തിൽ നിന്ന് ഗവർണറെയും ഹൈകോടതിയെയും ഒഴിവാക്കി സർക്കാറിൽ നിക്ഷിപ്തമാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലുമാണ് രാഷ്ട്രപതി തടഞ്ഞത്. സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റിലേക്ക് ആറുപേരെ നാമനിർദേശം ചെയ്യാനുള്ള വ്യവസ്ഥയടക്കമുള്ള ബില്ലും തടഞ്ഞവയിൽപെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.