രാഹുൽ ജർമനിയിലേക്ക് കടന്നു; കണ്ടെത്താനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും
text_fieldsകോഴിക്കോട്: പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിനെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഭർത്താവ് രാഹുൽ പി. ഗോപാൽ ജർമനിയിലേക്ക് കടന്നതായി വിവരം. ഇതേത്തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് ഇറക്കാനാണ് പൊലീസ് നീക്കം. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. ജർമനിയിൽ എയ്റോനോട്ടിക്കൽ എൻജിനീയറായാണ് രാഹുൽ ജോലിചെയ്തിരുന്നത്.
പ്രതിയെ കുറിച്ചുള്ള തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞ ദിവസം പന്തീരാങ്കാവ് പന്നിയൂർകുളത്തെ വീട്ടിലെത്തിയ അന്വേഷണ സംഘത്തിന് കുടുംബത്തിന്റെ മൊഴി എടുക്കാനായില്ല. ഇവർ വീടുപൂട്ടി പുറത്തുപോയതിനാൽ അന്വേഷണ സംഘം തിരിച്ചുപോവുകയായിരുന്നു.
മേയ് 12നാണ് പെൺകുട്ടിയും ബന്ധുക്കളും പന്തീരാങ്കാവ് സ്റ്റേഷനിലെത്തി രാഹുലിനെതിരെ പരാതി നൽകിയത്. മർദിക്കുകയും മൊബൈൽ ഫോണിന്റെ കേബിൾ കഴുത്തിൽ ചുറ്റി കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്ന പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഭർത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റിട്ടും ആദ്യഘട്ടത്തിൽ കേസെടുത്തില്ലെന്ന ആരോപണത്തിൽ പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫിസർ എ.എസ്. സരിനെ സസ്പെൻഡ് ചെയ്തിരുന്നു. ഫറോക്ക് അസി. കമീഷണർ സജു കെ.അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതിനിടെ, താൻ ഭാര്യയെ മർദിച്ചിട്ടുണ്ടെന്ന രീതിയിൽ രാഹുലിന്റെ തന്നെ സന്ദേശം പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഭാര്യയുടെ ഫോണിലേക്ക് വന്ന കോളുകളും മെസേജുകളും സംബന്ധിച്ചുണ്ടായ തർക്കത്തിലാണ് ഭാര്യയെ തല്ലിയതെന്നും ഈ ഫോൺ പരിശോധിക്കണമെന്നുമാണ് രാഹുലിന്റെ ആവശ്യം. ഇതിനായി നിയമനടപടികളുമായി മുന്നോട്ടുപോവുമെന്നാണ് രാഹുലുമായി ബന്ധപ്പെട്ടവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.