മികച്ച സംരക്ഷണത്തിന് കോവളം കടല്‍ത്തീരത്തിന് ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം
text_fieldsതിരുവന്തപുരം: കോവളം ഉള്‍പ്പെടെ രാജ്യത്തെ രണ്ടു കടല്‍ത്തീരങ്ങള്‍ക്കുകൂടി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. പുതുച്ചേരിയിലെ ഏദനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ച മറ്റൊരു കടല്‍ത്തീരം. വിഭവങ്ങളുടെ സമഗ്രമായ പരിപാലനത്തിലൂടെ മനോഹരമായ തീരദേശവും സമുദ്ര ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതക്കുള്ള ആഗോള അംഗീകാരമാണിത്.
ഡെന്‍മാര്‍ക്കിലെ പരിസ്ഥിതി പഠന സ്ഥാപനമാണ് (എഫ്.ഇ.ഇ) ആഗോളതലത്തില്‍ അംഗീകാരമുള്ള ഇക്കോ-ലേബല്‍-ബ്ലൂ ഫ്ലാഗ് അംഗീകാരം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ബ്ലൂ ഫ്‌ളാഗ് അംഗീകാരം ലഭിച്ച ഗുജറാത്തിലെ ശിവരാജ്പൂര്‍, ദിയുവിലെ ഘോഘ്‌ല, കാസര്‍കോട്, കര്‍ണാടകത്തിലെ പടുബിദ്രി, കോഴിക്കോട് കാപ്പാട്, ആന്ധ്രാപ്രദേശിലെ റുഷികൊണ്ട, ഒഡിഷയിലെ ഗോള്‍ഡന്‍, ആന്‍ഡമാന്‍ നിക്കോബറിലെ രാധാനഗര്‍ എന്നിവയുടെയും അംഗീകാരം നിലനിര്‍ത്തിയിട്ടുണ്ട്.
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദര്‍ യാദവ് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ശുചിത്വ -ഹരിത ഇന്ത്യയിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ തീരദേശ വികസനത്തിനും പാരിസ്ഥിതിക-സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നിരവധി നടപടികള്‍ (ബീംസ്) കൈക്കൊണ്ടിട്ടുണ്ട്. സുസ്ഥിര വികസനത്തിനായി വിഭവങ്ങളുടെ സമഗ്രമ പരിപാലനത്തിലൂടെ പ്രകൃതിദത്തമായ തീരദേശവും സമുദ്ര ആവാസവ്യവസ്ഥയും സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
ഐ.യു.സി.എന്‍, യു.എന്‍ഡ.ബ്ല്യുടി.ഒ, യു.എൻ.ഇ.പി, യുനെസ്‌കോ തുടങ്ങിയവയില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന ജൂറിയാണ് ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം നല്‍കുന്നത്. എഫ്.ഇ.ഇ ഡെന്‍മാര്‍ക്ക് കടല്‍ത്തീരങ്ങള്‍ പതിവായി നിരീക്ഷിക്കുകയും മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു വിലയിരുത്തുകയും ചെയ്യും. കര്‍ശനമായ 33 മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് കടല്‍ത്തീരങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത്.
തീരദേശ ജലത്തിലെ മലിനീകരണം കുറക്കല്‍, കടല്‍ത്തീരത്തെ സൗകര്യങ്ങളുടെ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കല്‍, തീരദേശ ആവാസവ്യവസ്ഥയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കല്‍, തീരദേശത്തേയ്ക്കു പോകുന്നവരില്‍ ശുചിത്വവും അവരുടെ സുരക്ഷയും ഉയര്‍ന്ന നിലവാരത്തില്‍ കാത്തുസൂക്ഷിക്കാന്‍ പ്രാദേശിക അധികൃതരെ പ്രാപ്തമാക്കല്‍ തുടങ്ങിയവയാണ് ബീംസ് പരിപാടിയുടെ ലക്ഷ്യം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഈ പത്തു കടല്‍ത്തീരങ്ങളില്‍ പരിസ്ഥിതിപാലനത്തില്‍ മന്ത്രാലയം കൈവരിച്ചത് മികച്ച നേട്ടങ്ങളാണ്.
ഏകദേശം 95,000 ചതുരശ്ര മീറ്ററില്‍ മണല്‍ത്തിട്ടകളുടെ പുനരുദ്ധാരണവും പരിപോഷിപ്പിക്കുകയും സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു, കഴിഞ്ഞ മൂന്നു വര്‍ഷമായി സമുദ്രമാലിന്യങ്ങളില്‍ 85 ശതമാനവും കടലിലെ പ്ലാസ്റ്റിക്കിന്റെ അളവില്‍ 78 ശതമാനവും കുറവ്., 750 ടണ്‍ സമുദ്ര മാലിന്യങ്ങള്‍ ശാസ്ത്രീയമായും ഉത്തരവാദിത്വത്തോടെയും നീക്കംചെയ്തു, ശാസ്ത്രീയ സംവിധാനങ്ങളിലൂടെ ശുചിത്വനിലവാരം 'സി'യില്‍ (വളരെ മോശം) നിന്ന് 'എ++' (വളരെ മികച്ചത്) ആക്കി, റീസൈക്ലിംഗ് വഴി പ്രതിവര്‍ഷം 1100 എംഎല്‍ മുനിസിപ്പല്‍ വെള്ളം സംരക്ഷിക്കുന്നു, കുളിക്കാനുപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം (ശാരീരിക, രാസ, ജൈവ മലിനീകരണം) തുടങ്ങിയവയെക്കുറിച്ചുള്ള 3 വര്‍ഷത്തെ ഡാറ്റാബേസ് സജ്ജമാക്കി, കടലോരത്തെത്തുന്ന ഏകദേശം 1,25,000 പേര്‍ക്ക് ഉത്തരവാദിത്വ പെരുമാറ്റ വിദ്യാഭ്യാസം നല്‍കി, മലിനീകരണം കുറയ്ക്കല്‍, സുരക്ഷ, സേവനങ്ങള്‍ എന്നിവയിലൂടെ 500 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇതര ഉപജീവന മാര്‍ഗങ്ങള്‍ ലഭ്യമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.