കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പോലെ നീല ട്രോളിയും സി.പി.എം ഉണ്ടാക്കിയ കഥ -വി.ഡി. സതീശൻ
text_fieldsപാലക്കാട്: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടും തൃക്കാക്കരയിലെ നഗ്നദൃശ്യവും പോലെ പാലക്കാട്ടെ ഹോട്ടലിലെ നീല ട്രോളിയും സി.പി.എം ഉണ്ടാക്കിയ കഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൊലീസിന്റെ കയ്യില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ സി.പി.എം ജില്ല സെക്രട്ടറി എങ്ങനെ കണ്ടു? സി.പി.എം ജില്ല സെക്രട്ടറിയാണോ പാലക്കാട് എസ്.പി? പൊലീസിനെ വിട്ട് വനിതാ നേതാക്കളെ അപമാനിച്ച മന്ത്രിയെ വെറുതെ വിടില്ല. പാതിരാ നാടകത്തിലൂടെ നാണംകെട്ട് സി.പി.എം ഇപ്പോള്‍ ചെളിയില്‍ കിടന്ന് ഉരുളുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
ചിരിക്കാനുള്ള ഒരുപാട് വക സി.പി.എം നല്‍കുന്നുണ്ട്. ഇന്നലത്തെ പാതിരാനാടകം കഴിഞ്ഞ് ഇന്ന് പുതിയൊരു കഥ ഉണ്ടാക്കി. ദിവ്യ കേസില്‍ നവീന്‍ ബാബു മരിച്ച ശേഷം വ്യാജ പരാതി ഉണ്ടാക്കിയതു പോലെയാണ് നീല ട്രോളിയുടെ കഥ. ഇതേക്കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരിച്ചിട്ടുണ്ട്. രാഹുല്‍ കോഴിക്കോട് താമസിച്ച ഹോട്ടലിലും ഈ നീല ട്രോളിയുണ്ടാകും. മന്ത്രിയും മന്ത്രിയുടെ അളിയനും ചേര്‍ന്ന് ഉണ്ടാക്കിയതാണ് ഈ ഗൂഢാലോചന മുഴുവനും.
അങ്ങനെ ഒരാള്‍ ട്രോളി കൊണ്ടുപോയെങ്കില്‍ എന്തിനാണ് വനിതാ നേതാക്കളുടെ മുറി തെരഞ്ഞ് പിടിച്ച് പൊലീസ് കയറിയത്? എല്ലാ ദിവസവും കൂടുന്ന യോഗമാണ് ഹോട്ടലിലെ ബോര്‍ഡ് റൂമില്‍ കൂടിയത്. അതിന്റെ ചിത്രവുമുണ്ട്. ബോര്‍ഡ് റൂമിലെ സി.സി.ടി.വി ദൃശ്യം കൂടി എടുക്കാന്‍ പൊലീസിനോട് പറയണം. അപ്പോള്‍ നീല ട്രോളിയിലെ ഷര്‍ട്ടും മുണ്ടും കാണാന്‍ പറ്റും. വേറെ ബാഗിലേക്ക് മാറ്റിയിട്ടുണ്ടെങ്കില്‍ അതും സി.സി ടി.വിയില്‍ കിട്ടും.
ഇതുപോലെ വഷളായി നാണംകെട്ടുപോയൊരു മന്ത്രി കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഞങ്ങളുടെ വനിതാ നേതാക്കളുടെ മുറിയില്‍ രാത്രി പന്ത്രണ്ട് മണിക്ക് ശേഷം പൊലീസിനെ വിട്ട് അവരെ അപമാനിച്ച മന്ത്രി തെരഞ്ഞെടുപ്പ് കഴിഞ്ഞ് റോഡില്‍ ഇറങ്ങുന്നത് ഞങ്ങള്‍ കാണിച്ചു തരാം. ഞങ്ങളുടെ ആത്മാഭിമാനം വ്രണപ്പെടുത്തിയതിന് മറുപടി നല്‍കും. ഐ.ഡി പോലും ഇല്ലാത്തവരാണ് വനിത നേതാക്കളുടെ മുറി ചവിട്ടിത്തുറന്നത്.
എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പണം ഇടപാട് നടന്നെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത്. ഇതു തന്നെയല്ലേ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ കാര്യത്തിലും പറഞ്ഞിരുന്നത്. എന്നിട്ട് അവസാനം പൊലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ സി.പി.എമ്മുകാരാണ് സ്‌ക്രീന്‍ ഷോട്ടുണ്ടാക്കിയതെന്നാണ് പറയുന്നത്. തൃക്കാക്കര തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ നേതാവ് നഗ്ന ദൃശ്യം പ്രചരിപ്പിച്ചുവെന്ന് പറഞ്ഞു. കേസെടുത്തോളാന്‍ പറഞ്ഞിട്ടും അന്ന് കേസെടുക്കാതിരുന്നത് എന്തുകൊണ്ടാണ്? ഇപ്പോള്‍ ആ കേസൊക്കെ എവിടെ പോയി. സി.പി.എമ്മുകാര്‍ തന്നെയാണ് അതൊക്കെ പ്രചരിപ്പിച്ചത്. ഓരോ തെരഞ്ഞെടുപ്പിലും ഓരോ കള്ളത്തരങ്ങളുമായി ഇറങ്ങും. എന്നിട്ട് നാണംകെട്ട് തിരിച്ചു പോകുകയാണെന്നും സതീശൻ വിമർശിച്ചു.
ആ ഹോട്ടലില്‍ താമസിക്കുന്ന എല്ലാ പാര്‍ട്ടിക്കാരും ട്രോളി ബാഗുമായാണ് വരുന്നതും തിരിച്ചു പോകുന്നതും. കൊടകര കുഴല്‍പ്പണ കേസിന്റെ ജാള്യത മറയ്ക്കുന്നതിന് വേണ്ടി ഉണ്ടാക്കിയ സ്‌ക്രിപ്റ്റാണിത്. വനിതാ നേതാക്കളെ അപമാനിച്ചതില്‍ വനിതാ കമീഷന് പരാതി നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ കമീഷനും പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കും. ഈ വിഷയത്തില്‍ റിട്ട് പെറ്റീഷന്‍ നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.