ബി.എം.ഡബ്ല്യു കാറുള്ളവനും ക്ഷേമ പെൻഷൻ; തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം
text_fieldsതിരുവനന്തപുരം: പാവപ്പെട്ടവർക്കുള്ള 1600 രൂപ ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ ബി.എം.ഡബ്ല്യു കാറും ആഡംബര വസതിയുമുള്ളവരും. അനർഹരെ കണ്ടെത്തുന്നതിന് ധനവകുപ്പ് നടത്തിയ പൊതു പരിശോധനയിലാണ് ഇക്കാര്യങ്ങൾ തെളിഞ്ഞത്. കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധന വിഭാഗമാണ് പരിശോധന നടത്തിയത്.
വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയിൽ 38 പേരും അനർഹരാണെന്നാണ് കണ്ടെത്തൽ. ഒരാൾ മരണപ്പെട്ടു. ചില ക്ഷേമ പെൻഷൻകാരുടെ വീടുകളിൽ എയർ കണ്ടീഷണർ ഉൾപ്പെടെ സുഖസൗകര്യങ്ങളുമുണ്ട്. ഭാര്യയോ ഭർത്താവോ സർവിസ് പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നുവെന്നാണ് മറ്റൊരു കണ്ടെത്തൽ.
പലരുടെയും വീട് 2000 ചതുരശ്ര അടി തറ വിസ്തൃതിയിലും കൂടുതൽ വലുപ്പമുള്ളതാണ്. ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനുപിന്നിൽ അഴിമതിയും ഗൂഢാലോചനയുമുണ്ടായിട്ടുണ്ടാകാമെന്നാണ് ധന വകുപ്പ് പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്.
വിജിലൻസ് അന്വേഷണം നടത്തും
തിരുവനന്തപുരം: കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകി. പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചുനൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് വിജിലൻസ് അന്വേഷണത്തിന് നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്ക് നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.