കാട്ടാന വന്നാൽ എന്ത് കാട്ടാനാ!
text_fieldsപുൽപള്ളി: വനാതിർത്തി ഗ്രാമങ്ങളിൽ കാട്ടാനശല്യം അനുദിനം വർധിക്കുമ്പോഴും പ്രതിരോധ മാർഗങ്ങൾ നടപ്പാക്കാതെ വനംവകുപ്പ്. കഴിഞ്ഞ ദിവസം പെരിക്കല്ലൂർ വരവൂരിൽ കൃഷിയിടങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. കർണാടക വനത്തിൽനിന്നു കബനി നീന്തിക്കടന്ന് കൃഷിയിടങ്ങളിലിറങ്ങിയ ആന പതിനായിരക്കണക്കിന് രൂപയുടെ നാശമാണ് വരുത്തിയത്. കുറേ നാളുകളായി ആനശല്യം ഇല്ലാതിരുന്ന പ്രദേശമാണ് ഇവിടം.
ഇളം തുരുത്തിയിൽ ജോയിയുടെ വീടിനോട് ചേർന്നുള്ള മരച്ചീനി കൃഷിയും വിളയത്തുമാലിൽ സണ്ണി, മാത്തുക്കുട്ടി എന്നിവരുടെ വാഴത്തോട്ടവുമാണ് നശിപ്പിച്ചത്. മഴ ശക്തമാകുന്നതോടെ എല്ലാ വർഷവും ഈ ഭാഗങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകാറുണ്ട്. അതിർത്തിയിൽ കാര്യമായ പ്രതിരോധ സംവിധാനങ്ങൾ ഒന്നുമില്ല. ഫെൻസിങ് തകർന്ന നിലയിലാണ്. പുൽപള്ളി കാപ്പിക്കുന്നിലും കാട്ടാനകളുടെ വിളയാട്ടമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ചാലക്കുടി ടോമിയുടെ വാഴത്തോട്ടം നിലംപരിശാക്കിയാണ് കാട്ടാനകൾ മടങ്ങിയത്. കഴിഞ്ഞ ആഴ്ച മരകാവ് സെൻറ് തോമസ് പള്ളിയുടെ തോട്ടത്തിലെ നൂറുകണക്കിന് വാഴകളാണ് കാട്ടാനകൾ നശിപ്പിച്ചത്. വേലിയമ്പത്തും കഴിഞ്ഞ രണ്ടാഴ്ചയായി ആനശല്യം വർധിച്ചിരിക്കുകയാണ്.
വനാതിർത്തികളിൽ ഫെൻസിങ് അടക്കം ഒരുക്കിയിട്ടുണ്ടെങ്കിലും ഇവയുടെ പ്രവർത്തനം കാര്യക്ഷമമല്ല. ചിലയിടങ്ങളിൽ ട്രഞ്ച് മറികടന്നാണ് ആനകൾ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. സമീപകാലത്ത് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ലക്ഷങ്ങളുടെ കൃഷിനാശമാണ് കാട്ടാനകൾ മാത്രം ഉണ്ടാക്കിയത്. കാട്ടാനകൾക്കു പുറമെ പന്നി, മാൻ, കുരങ്ങ് എന്നിവയുടെ ശല്യവും രൂക്ഷമാണ്. കർണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെല്ലാം വന്യജീവി ശല്യം ദിവസങ്ങൾ കഴിയും തോറും കൂടിവരികയാണ്. വന്യജീവി പ്രതിരോധ സംവിധാനങ്ങൾ യഥാസമയം കേടുപാടുകൾ തീർത്ത് കർഷകരെ വന്യജീവി ശല്യത്തിൽനിന്ന് രക്ഷപ്പെടുത്താൻ നടപടിയും ഉണ്ടാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.