കർണാടകക്കുടുക്കിൽ അതിർത്തി ഗ്രാമങ്ങൾ
text_fieldsകാസർകോട്: അതിർത്തി തുരുത്തിൽ ഒറ്റപ്പെട്ട് 5000ത്തോളം മലയാളികൾ. നിത്യോപയോഗ സാധനങ്ങൾക്കും ചികിത്സക്കും എന്തിനേറെ പുറത്തിറങ്ങാൻ പോലും കഴിയാതെ ഡബിൾലോക്കിലാണ് അതിർത്തി ജനത. കേരള-കർണാടക അതിർത്തിയിലെ എൻമകജെ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ ജനങ്ങളാണ് കോവിഡ് കാലത്ത് കർണാടക വഴി അടച്ചതിനാൽ ദുരിത ജീവിതത്തിലേക്ക് തള്ളപ്പെട്ടത്.
എൻമകജെ പഞ്ചായത്ത് ഒന്നാംവാർഡായ സായ, രണ്ടാം വാർഡായ ചവർക്കാട് ദേശങ്ങളിലുള്ളവരാണ് ദുരിതത്തിലായത്. ഇവർക്ക് പെർല, അഡ്യനടുക്ക ടൗണുകളിലെത്തണമെങ്കിൽ കർണാടകയുടെ പി.ഡബ്ല്യു.ഡി റോഡിലൂടെ പോവണം. എന്നാൽ, കേരളത്തിെൻറ മുഴുവൻ അതിർത്തികളും കർണാടക സർക്കാർ മണ്ണിട്ട് നികത്തിയതിനാൽ ഇവർക്ക് പുറംലോകത്തേക്ക് കടക്കാനാവുന്നില്ല.
എൻഡോസൾഫാൻ ദുരിതബാധിതരടക്കമുള്ള രോഗികൾക്ക് വിദഗ്ധ ചികിത്സയും കിട്ടുന്നില്ല. അതിർത്തിയിലെ സാറഡുക്ക ചെക്പോസ്റ്റ് കർണാടക അടച്ചിട്ടതിനാൽ രോഗികൾക്കുപോലും പോകാൻപറ്റാത്ത അവസ്ഥയാണ്. മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ ഇടപെട്ട് നിലവിലുള്ള റേഷൻ കടയുടെ ഒരു ശാഖ വാർഡിനകത്ത് തുടങ്ങിയത് ജനങ്ങൾക്ക് അനുഗ്രഹമായിട്ടുണ്ട്. ചികിത്സക്കായി ഫാമിലി വെൽഫെയർ സെൻററിെൻറ ഉപകേന്ദ്രവും ആരംഭിച്ചു. ആഴ്ചയിൽ മൂന്നുദിവസം രണ്ട് ഡോക്ടർമാർ ഉപകേന്ദ്രത്തിൽ എത്തി ചികിത്സ നടത്തുന്നുണ്ട്. ഉപകേന്ദ്രം മുഴുവൻ ദിവസങ്ങളിലും പ്രവർത്തിപ്പിക്കാൻ സമ്മർദം ചെലുത്തിവരുകയാണെന്ന് എം.എൽ.എ പറഞ്ഞു.
വലത് കേരളം; ഇടത് കർണാടകം
നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ഇവിടത്തെ ജനങ്ങൾ ആശ്രയിക്കുന്ന അഡ്യനടുക്ക ടൗണിെൻറ വലതു ഭാഗം കേരളവും ഇടതുഭാഗം കർണാടകയുമാണ്. കർണാടക പൊലീസാണ് ഇവിടെ നിയന്ത്രിക്കുന്നത്. ബദിയടുക്ക സ്റ്റേഷൻ പരിധിയിലാണ് കേരള അതിർത്തി. എന്നാൽ, കർണാടകയിൽ നടപ്പാക്കിയ നിയമമാണ് ഇവിടെയുള്ളത്. രാവിലെ ആറു മുതൽ ഉച്ച 12 വരെയാണ് കർണാടകയിൽ കടകൾ തുറക്കാൻ അനുമതി.
എൻമകജെ പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കടകൾ തുറക്കാനോ, ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ വരാനോ പൊലീസ് അനുവദിക്കുന്നില്ലെന്ന് രണ്ടാംവാർഡ് അംഗവും കോൺഗ്രസ് പ്രാദേശിക നേതാവുമായ ഐത്തപ്പകുലാൽ പറഞ്ഞു. ഈ പഞ്ചായത്തിലെ ഒന്നാം വാർഡിൽ 225 മറാത്തി വിഭാഗത്തിൽപെടുന്ന എസ്.ടി വിഭാഗക്കാരാണ് താമസിക്കുന്നത്. രണ്ടാം വാർഡിൽ 150 മറാത്തി എസ്.ടി വിഭാഗങ്ങളും താമസിക്കുന്നു.
ഒന്നാം വാർഡ് മെംബർ ജയശ്രീ കോൺഗ്രസ് പ്രവർത്തകയും എൻമകജെ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമാണ്. അടുക്കസ്ഥല പുഴയിൽ വെള്ളം കയറിയതിനാൽ ജനങ്ങൾ പുറംലോകത്തേക്ക് കടക്കാനാവാതെ കടുത്ത ദുരിതത്തിലാണ്.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് മഞ്ചേശ്വരം എം.എൽ.എയായിരുന്ന പരേതനായ പി.ബി. അബ്ദുറസാഖ് മുൻകൈയെടുത്ത് എൻമകജെ പഞ്ചായത്തിലെ യാത്രാപ്രതിസന്ധി പരിഹരിക്കാൻ ഒന്നാം വാർഡായ സായയിൽ നിന്ന് 17ാം വാർഡായ അടുക്കസ്ഥലയിലേക്ക് പാലം നിർമിക്കാൻ അനുമതി തേടിയിരുന്നു. 14.5 കോടി രൂപ ചെലവിൽ പാലം നിർമിക്കാൻ അനുമതി നൽകുകയും ഇതിലേക്കാവശ്യമായ സ്ഥലം നാട്ടുകാർ സൗജന്യമായി നൽകുകയും ചെയ്തു.
എന്നാൽ, പിന്നീടുവന്ന സർക്കാർ ഇതിലേക്കാവശ്യമായ ഫണ്ട് നൽകാത്തതിനാൽ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങിയതായി പഞ്ചായത്തംഗം ഐത്തപ്പകുലാൽ പറഞ്ഞു. പാലത്തിെൻറ എസ്റ്റിമേറ്റ് നടപടി പൂർത്തിയാക്കി സ്ഥലം വിട്ടുനൽകിയ സാഹചര്യത്തിൽ നിർമാണത്തിന് ഉടൻ ടെൻഡർ വിളിക്കണമെന്ന് എം.സി. ഖമറുദ്ദീൻ എം.എൽ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.