ബോർഡുകൾ തൊഴിലാളികളുടെ ക്ഷേമത്തിന്: വീഴ്ചവരുത്തന്നവർക്കെതിരെ കർശന നടപടിയെന്ന് തൊഴിൽ മന്ത്രി
text_fieldsകോഴിക്കോട് :ക്ഷേമനിധി ബോർഡുകൾ തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി രൂപീകരിച്ചവയാണ്. ഒറ്റപ്പെട്ട ചില ജീവനക്കാർക്ക് അത് തങ്ങളുടെ മാത്രം ക്ഷേമത്തിനാണെന്നുള്ള തെറ്റിദ്ധാരണയുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് മന്ത്രി വി ശിവൻകുട്ടി. സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ നടന്ന ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികൾക്ക് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾ ഒരു കാരണവശാലും വൈകിപ്പിക്കാൻ പാടില്ലെന്നും എല്ലാ ബോർഡ് ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം രണ്ടുമാസത്തിലകം നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.
ബോർഡുകളിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തണം. അനർഹരായ ആളുകളുടെ അംഗത്വവും ഇരട്ട അംഗത്വവും കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഇത്തരത്തിലുള്ള അംഗത്വങ്ങളാണ് പലപ്പോഴും കാര്യക്ഷമമായ ബോർഡ് പ്രവർത്തനങ്ങൾക്ക് വിഘാതമാകുന്നത്. ബോർഡ് ഓഫീസുകളിലെത്തുന്നവരോട് ജീവനക്കാർ മാന്യമായി പെരുമാറണം.
ക്ഷേമനിധി ബോർഡ് ഓഫീസുകളിൽ ഫോൺ സംവിധാനം ഏർപ്പെടുത്തണമെന്നും അതിനായി ഒരു ജീവനക്കാരനെ ചുമതലപ്പെടുത്തണമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർക്ക് മന്ത്രി നിർദ്ദേശം നൽകി. യോഗത്തിൽ തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മിഷണർ ഡോ. നവ്‌ജ്യോത് ഖോസ, വിവിധ ബോർഡുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർമാർ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.