മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പൽ ശ്രീലങ്കന്‍ അതിര്‍ത്തി പിന്നിട്ടു
text_fieldsകൊച്ചി: കൊല്ലം നീണ്ടകരയില്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് അപകടമുണ്ടാക്കിയ ഹോങ്കോങ് രജിസ്ട്രേഷനുള്ള കപ്പല്‍ നാവികസേനയുടെ ആവശ്യം തള്ളി ശ്രീലങ്കന്‍ അതിര്‍ത്തി പിന്നിട്ടു. അന്തമാന്‍-നികോബാര്‍ ദ്വീപിലെ പോര്‍ട്ട്ബ്ലയര്‍ തുറമുഖത്ത് അടുപ്പിക്കാന്‍ നാവികസേന കപ്പല്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇൗ നിര്‍ദേശത്തോട് ഇതുവരെയും കപ്പല്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ലെന്ന് ദക്ഷിണ നാവിക കമാൻഡ് വക്താവ് കമാന്‍ഡര്‍ ശ്രീധര വാര്യര്‍ പറഞ്ഞു.
കപ്പല്‍ പരിശോധിക്കാൻ പോര്‍ട്ട്ബ്ലയറില്‍ സന്നാഹങ്ങളെല്ലാം നാവികസേന ഒരുക്കിയിരുന്നു. ഇപ്പോഴും കപ്പല്‍ സേനയുടെ നിരീക്ഷണത്തിലാണ്. കമ്പനിയുമായി ആലോചിക്കണമെന്നും അപകടമുണ്ടായത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ അല്ലെന്നുമാണ് കപ്പല്‍ അധികൃതരുടെ നിലപാട്. മത്സ്യബന്ധന ബോട്ടിലിടിച്ചത് തങ്ങളുടെ കപ്പല്‍ അല്ലെന്നും ഇവര്‍ ആവര്‍ത്തിക്കുന്നു. ഇറാനില്‍നിന്ന് സിംഗപ്പൂരിലേക്ക് സള്‍ഫറുമായി പോകുന്ന കപ്പൽ അന്താരാഷ്ട്ര കപ്പല്‍ ചാലിലൂടെ സിംഗപ്പൂരിലേക്കാണ് നീങ്ങുന്നത്.
അലക്ഷ്യമായി കപ്പലോടിച്ചതിന് ഹോങ്കോങ് കപ്പലിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പിടിച്ചെടുക്കാന്‍ പരിമിതികളുണ്ടെന്നും ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ െപാലീസ് സി.ഐ ടി.എം. വര്‍ഗീസ് പറഞ്ഞു. അപകടമുണ്ടാക്കിയത് ഹോങ്കോങ് രജിസ്ട്രേഷനിെല കപ്പലാണോയെന്ന് നേവിയോ കോസ്റ്റൽ ഗാര്‍ഡോ നടത്തുന്ന പരിശോധനയിലൂടെ കണ്ടെത്തിയാലേ തുടര്‍ നടപടി സാധ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍ദേശം ലംഘിച്ചാല്‍ വിദേശകാര്യമന്ത്രാലയം വഴി സിംഗപ്പൂര്‍ സര്‍ക്കാറിനെ ബന്ധപ്പെടാനാണ് അധികൃതരുടെ തീരുമാനം. സിംഗപ്പൂരില്‍നിന്ന് കപ്പല്‍ കസ്റ്റഡിയിലെടുക്കുകയോ പരിശോധിക്കുകയോ ചെയ്യാനായുള്ള അനുമതിക്ക് സിംഗപ്പൂർ സർക്കാറുമായി ബന്ധപ്പെടുകയാണ് പിന്നീടുള്ള മാര്‍ഗം.
കന്യാകുമാരി കുളച്ചല്‍ സ്വദേശിയുടെ ആരോഗ്യ അന്ന എന്ന മത്സ്യബന്ധന ബോട്ടിലാണ് കപ്പല്‍ ഇടിച്ചത്. ഇതിലെ ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.