ബോട്ടുകൾ കൂട്ടിയിടിച്ചു; കടലിൽ വീണ് ഒരാൾ മരിച്ചു
text_fieldsവൈപ്പിൻ: അർധരാത്രി കടലിൽ നങ്കൂരമിട്ടിരുന്ന ഫൈബർ ചൂണ്ട ബോട്ടിൽ മത്സ്യബന്ധന ബോട്ട് ഇടിച്ചതിനെത്തുടർന്ന് കടലിൽ തെറിച്ചുവീണ് ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ച ഒരു മണിയോടെ മുനമ്പത്തുനിന്ന് 28 നോട്ടിക്കൽ മൈൽ പടിഞ്ഞാറുണ്ടായ അപകടത്തിൽ കൊല്ലം പള്ളിത്തോട്ടം അനുഗ്രഹ നഗറിൽ ആന്റണിയുടെ മകൻ ജോസാണ് (60) മരിച്ചത്. ഫൈബർ ബോട്ടിൽ ബാക്കിയുണ്ടായിരുന്ന ഏഴുപേരെ ഇടിച്ച ബോട്ടിലെ തൊഴിലാളികൾ വടം എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്തി.
കടലിൽ നങ്കൂരമിട്ട് കിടന്ന് ചൂണ്ട ഇടുകയായിരുന്ന ഫൈബർ ബോട്ടിലേക്ക് മത്സ്യബന്ധന ബോട്ട് ഇടിച്ചു കയറിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ചൂണ്ട ബോട്ടിലെ എട്ട് തൊഴിലാളികളും കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തോപ്പുംപടി ഹാർബറിൽനിന്ന് ശനിയാഴ്ച രാവിലെ മത്സ്യബന്ധനത്തിന് പോയ മാർത്താണ്ഡം പത്തംതുറ സ്വദേശി രാജുവിന്റെ ഉടമസ്ഥതയിലുള്ള സിൽവർ സ്റ്റാർ എന്ന ബോട്ടാണ് അപകടത്തിൽ തകർന്നത്.
എടവനക്കാട് സ്വദേശി തലക്കാട് അർഷദിന്റെ ഉടമസ്ഥതയിലുള്ള നൗറിൻ എന്ന ബോട്ടിന്റെ ഇടിയുടെ ആഘാതത്തിൽ ചൂണ്ട ബോട്ട് പൂർണമായി തകർന്നു. കടലിൽ മുങ്ങിപ്പോയ ജോസിനെ വൈകാതെ കണ്ടെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മറ്റ് തൊഴിലാളികൾക്ക് പരിക്കില്ല. ഇവരെ ഞായറാഴ്ച പുലർച്ച 4.30ന് മുനമ്പം ഹാർബറിലെത്തിച്ചു.
ജോസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ഷെർലി. മക്കൾ: ജോബിൻ, സിനി. മരുമക്കൾ: റിൻസി, പ്രവീൺ. അപകടമുണ്ടാക്കിയ ബോട്ടിലെ സ്രാങ്കിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.