‘അറ്റ് ലാൻറിക്’ സർവിസ് നടത്തിയത് നിയമങ്ങളൊന്നും പാലിക്കാതെ
text_fieldsബേപ്പൂർ: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ വിനോദയാത്ര ബോട്ടായ അറ്റ്ലാന്റിക്കിന് രജിസ്ട്രേഷൻ ഇല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഉൾനാടൻ ജലഗതാഗത നിയമപ്രകാരം ബോട്ടുകൾ യാത്രക്കാരുമായി ജലാശയങ്ങളിൽ ഇറക്കണമെങ്കിൽ കേരള മാരിടൈം ബോർഡിന് ആദ്യം അപേക്ഷ നൽകണം. രജിസ്ട്രേഷൻ അനുവദിക്കാൻ സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ ഏക ഉദ്യോഗസ്ഥൻ ആലപ്പുഴ പോർട്ട് ഓഫിസറാണ്. ഇദ്ദേഹമാണ് രജിസ്ട്രേഷൻ അതോറിറ്റി.
അറ്റ്ലാന്റിക്കിന് രജിസ്ട്രേഷൻ നൽകുന്നതിന്റെ ഭാഗമായി സർവേ നടത്തി, സർട്ടിഫിക്കറ്റ് ചീഫ് സർവേയർ കെ. സെബാസ്റ്റ്യൻ ജോസഫ്, ആലപ്പുഴ പോർട്ട് ഓഫിസർക്ക് കൈമാറിയിരുന്നെങ്കിലും രജിസ്ട്രേഷൻ നൽകുന്നതു സംബന്ധിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ചിരുന്നില്ല.
രജിസ്ട്രേഷൻ ലഭിച്ചാലും 22 പേർക്ക് യാത്ര ചെയ്യാനുള്ള അനുവാദം മാത്രമാണ് ലഭിക്കുക. എന്നാൽ, 40ഓളം പേരെയാണ് ബോട്ടിൽ കയറ്റിയത്. രജിസ്ട്രേഷൻ ലഭിക്കാതെ ഓടിച്ചിരുന്ന ബോട്ടിൽ നിയമാനുസൃത ജീവൻരക്ഷാ ഉപകരണങ്ങൾ ഇല്ലായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
ഉടമയുടെ പേരും വിലാസവും എന്ന സർവേ സർട്ടിഫിക്കറ്റ് കോളത്തിൽ മലപ്പുറം ജില്ലയിലെ പരിയാപുരത്തെ കാംകോ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് എഴുതിയിരിക്കുന്നത്. അപകടസമയം മതിയായ ലൈഫ് ജാക്കറ്റുകൾ ബോട്ടിൽ ഇല്ലായിരുന്നു. സൂര്യോദയം മുതൽ സൂര്യാസ്തമയംവരെ മാത്രമേ ബോട്ട് ഓടിക്കാൻ പാടുള്ളൂവെന്ന് ഉൾനാടൻ ജലഗതാഗത നിയമത്തിൽ വ്യവസ്ഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.