ബോട്ട് ദുരന്തം: അന്വേഷണ റിപ്പോർട്ടുകൾ വെള്ളത്തിൽ
text_fieldsകോഴിക്കോട്: കേരളത്തിൽ ഇടക്കിടെയുണ്ടാകുന്ന ബോട്ട്ദുരന്തങ്ങളുടെ കാരണക്കാർക്കെതിരെ ശക്തമായ നടപടികളുണ്ടാകാറില്ലെന്ന് ആക്ഷേപം. ഓരോ ദുരന്തം കഴിയുമ്പോഴും അന്വേഷണ കമീഷനുകളെ നിയമിക്കുയാണ് പതിവ്. കമീഷൻ ചില നിർദേശങ്ങൾ നൽകുമെങ്കിലും പലതും പ്രവർത്തികമാകാറില്ല. ബോട്ടു ദുരന്തവുമായി ബന്ധപ്പെട്ട് ഒരു ഡസനിലധികം അന്വേഷണ കമീഷൻ റിപ്പോർട്ടുകൾ സർക്കാറിന് കിട്ടിയിട്ടുണ്ട് സ്വകാര്യ ടൂറിസം സംവിധാനമായ ഉല്ലാസബോട്ടുകൾ സംസ്ഥാനത്ത് വ്യാപകമാകുന്നതിനിടെയാണ് താനൂരിലെ ബോട്ട് ദുരന്തം.
മലപ്പുറം ജില്ലയിൽ തന്നെ വിവിധ പുഴകളിൽ ഹൗസ്ബോട്ട് സവാരിയുണ്ട്. കോഴിക്കോട്ടും ഇത്തരം ബോട്ടുകൾ വ്യാപകമാണ്. നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് പലയിടത്തും ഉല്ലാസനൗകകൾ പെരുകുന്നത്. കേരളത്തിലെ ഏറ്റവും വലിയ ബോട്ട് ദുരന്തം 2009ലെ തേക്കടി തടാകത്തിലെ ഡബിൾഡക്കർ ബോട്ടപകടമായിരുന്നു. 45 പേർക്കായിരുന്നു ജീവൻ നഷ്ടമായത്. ഈ ദുരന്തത്തിന്റെ അന്വേഷിക്കാൻ ആദ്യം നിയോഗിച്ചത് ചീഫ് ബോട്ട് ഇൻസ്പെക്ടറെയും കെ.ടി.ഡി.സിയുടെ എം.ഡിയെയുമായിരുന്നു.
കെ.ടി.ഡി.സിയുടേതായിരുന്നു ബോട്ട്. യഥാർഥ പ്രതികളെ തന്നെ അപകടകാരണം കണ്ടെത്താൻ നിയോഗിച്ച വിചിത്ര സംഭവമായിരുന്നു അത്. 2002ൽ കുമരകത്തുണ്ടായ ബോട്ടപകടത്തിൽ 29 പേർ മരിച്ചിരുന്നു. 25 വർഷത്തിന് മുമ്പ് നടത്തിയ ഫിറ്റ്നസ് പരിശോധനയുടെ ബലത്തിൽ സർവിസ് നടത്തിയ ബോട്ടായിരുന്നു.
അത് ഫിറ്റ്നസോ ലൈസൻസോ ഇല്ലാത്ത ബോട്ട് സർവിസിന് ഉപയോഗിച്ച ജലഗതാഗത വകുപ്പ് ഡയറക്ടറോ ട്രാഫിക് സൂപ്രണ്ടോ ഇതൊക്കെ പരിശോധിക്കാൻ ചുമതലപ്പെട്ട ബോട്ട് ഇൻസ്പെക്ടർമാരോ കേസിൽ പ്രതികളല്ല. ഇവരെയൊക്കെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് തയാറായില്ല.
കുമരകം ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമീഷൻ കണ്ടെത്തിയ കാരണം ബോട്ട് മൺതിട്ടയിൽ ഇടിച്ചതാണെന്നായിരുന്നു. കുമരകം, തട്ടേക്കാട്, തേക്കടി ദുരന്തങ്ങളെ തുടർന്ന് വലിയ ഒച്ചപ്പാടുണ്ടായത് നിലവിലെ ജലയാന നിയമങ്ങൾ പര്യാപ്തമല്ലാത്തതുകൊണ്ടാണ് അപകടങ്ങൾ ഉണ്ടാകുന്നതെന്നായിരുന്നു. മഹാകവി കുമാരനാശനടക്കം 24 പേർ മരിച്ച പല്ലന ബോട്ടുദുരന്തമാണ് അറിയപ്പെടുന്ന ആദ്യ ദുരന്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.