കരയിലേക്ക് പാഞ്ഞുകയറി ചരിഞ്ഞ ബോട്ട് നിവർത്തി
text_fieldsവിഴിഞ്ഞം: നിയന്ത്രണം വിട്ട് കരയിലേക്ക് പാഞ്ഞുകയറി ചരിഞ്ഞ് കരയിലുറച്ച ബോട്ടിനെ ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ നിവർത്തിനിർത്തി. ഉള്ളിൽ അടിഞ്ഞുകൂട്ടിയ മണലും വെള്ളവും മാറ്റാനുള്ള ശ്രമം ആരംഭിച്ചതായും ശക്തമായ തിരയടിയിൽ ഭാഗികമായി തകർന്ന ബോട്ടിനെ കടലിലിറക്കാൻ ഇനിയും ലക്ഷങ്ങൾ വേണമെന്നും ബോട്ടുടമ പറഞ്ഞു.
അപകടത്തിൽപെട്ട ബോട്ടിനെ കടലിലിറക്കാനുള്ള ശ്രമങ്ങൾക്ക് അധികൃതർ ഒരു സഹായവും നൽകിയില്ലെന്നുമാത്രമല്ല ഫിഷറീസ് വകുപ്പോ മറ്റ് സർക്കാർ ഏജൻസികളോ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുയർന്നു. ചില ഉദ്യോഗസ്ഥർ സംഭവദിവസമെത്തി കാര്യങ്ങൾ തിരക്കി മടങ്ങിയതല്ലാതെ പിന്നെ തിരിഞ്ഞുനോക്കിയില്ലെന്നാണ് ആരോപണം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊല്ലത്തുനിന്ന് തമിഴ്നാട്ടിലേക്ക് മത്സ്യബന്ധനത്തിനായി പോകുകയായിരുന്ന ട്രോളർ ബോട്ട് പൂവാർ പൊഴിക്കര തീരത്തേക്ക് നിയന്ത്രണം തെറ്റി ഇടിച്ചുകയറിയത്. കരയിൽ മണലിൽ ഉറച്ച ബോട്ടിനെ കടലിലിറക്കാൻ വിഴിഞ്ഞം തുറമുഖ നിർമാണ കമ്പനിയായ അദാനി പോർട്ടിെൻറ ടഗ്ഗും കൊല്ലത്തുനിന്നെത്തിയ രണ്ട് ബോട്ടുകളും നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു.
പിന്നീട് ആദ്യ ദൗത്യം പരാജയപ്പെട്ടതോടെ ബോട്ടുടമ കൊല്ലത്തുനിന്ന് ഖലാസികളെ വരുത്തിയെങ്കിലും ഇവരുടെ നീണ്ട മൂന്ന് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് മണലിൽ ചരിഞ്ഞ് കിടന്ന ബോട്ടിനെ നിവർത്താനായത്. മണലും വെള്ളവും നിറഞ്ഞതോടെ നൂറു ടണ്ണുള്ള ബോട്ടിെൻറ ഭാരം ഇരട്ടിയായതാണ് ബോട്ടിനെ തിരികെ കടലിലിറക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായത്. ദിവസങ്ങളായി തുടർച്ചയായ തിരയടിയിലും ബോട്ട് ഉയർത്താനുള്ള ശ്രമത്തിനിടയിലും ബോട്ടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇനി അറ്റകുറ്റപ്പണികൾക്കുശേഷമേ ബോട്ട് കടലിലിറക്കാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.