ഫിഷിങ് ബോട്ട് സമരം പിൻവലിച്ചു; കടലിലേക്ക് ബോട്ടുകൾ പോയിത്തുടങ്ങി
text_fieldsബേപ്പൂർ: സംസ്ഥാനത്തെ മത്സ്യബന്ധന ബോട്ടുകൾ നിർത്തി വെച്ചുകൊണ്ടുള്ള തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ഇന്നലെ വൈകിട്ട് പിൻവലിച്ചു.തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ചിന് ശേഷം നടന്ന ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ യോഗത്തിൽ വെച്ചാണ് സമരം പിൻവലിച്ചതായി പ്രഖ്യാപിച്ചത്. ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത ചർച്ചക്കുശേഷമാണ് സമരം പിൻവലിക്കാനുള്ള തീരുമാനത്തിൽ എത്തിയത്. അനിശ്ചികാല സമരത്തിന് കാരണമായ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ ആൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്യാസ് , ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ ,വൈസ് പ്രസിഡന്റ് കരിച്ചാലി പ്രേമൻ,ട്രഷറർ ബി കാസിം, എ.ബി.ഗിരീഷ് എന്നിവർ പങ്കെടുത്തു.
അനധികൃത മീൻപിടുത്തത്തിന്റെ പേരിൽ കിളി മത്സ്യങ്ങളും വളങ്ങൾക്ക് ഉപയോഗിക്കുന്ന ചെറുമീനുകളും പിടിക്കുന്നതിനെതിരെ സംസ്ഥാനത്തൊട്ടാകെ നിരവധി ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗം പിടിച്ചെടുക്കുകയും വമ്പിച്ച തുക സർക്കാറിലേക്ക് ഫൈനായി ഈടാക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കുക. ക്രമാതീതമായ ഡീസൽ വിലവർധനയിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി നൽകി മേഖലയെ സംരക്ഷിക്കുക.58 ഇനം മത്സ്യങ്ങളുടെ മിനിമം ലീഗൽ സെസ് നടപ്പാക്കുന്നതിൽ കേന്ദ്ര മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ( സിഎംഎഫ്ആർഐ) നിർദ്ദേശങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.
ഈ 15 ന് മുതൽ തുടങ്ങിയ സമരം ഇന്നേക്ക് എട്ട് ദിവസം പൂർത്തിയാവുകയാണ്. സമരത്തെത്തുടർന്ന് കേരളത്തിലെ ഫിഷിംഗ് ഹാർബറുകളിൽ 3800 ഓളം ബോട്ടുകൾ നിശ്ചലമായിരുന്നു. ഫിഷിംഗ് മേഖലയുടെ ചരിത്രത്തിൽ ട്രോളിംഗ് നിരോധന സമയത്തല്ലാതെ ഇത്രയധികം ദിവസം ബോട്ടുകൾ നിശ്ചലമാകുന്നത് സംസ്ഥാനത്ത് ആദ്യമായിട്ടാണ്.
ഫിഷിംഗ് ബോട്ടുകളിൽ ജോലി എടുത്തിരുന്ന ഇതര സംസ്ഥാനക്കാർ ചിലരൊക്കെ സമരം നീണ്ടേക്കുമെന്നുള്ള പ്രതീക്ഷയിൽ നാട്ടിലേക്കു പോയി.മേഖലയിലെ അനുബന്ധ തൊഴിലാളികൾ ജോലിയൊന്നുമില്ലാതെ വിശ്രമത്തിലായിരുന്നു .ഫിഷ് എക്സ്പോർട്ടിംഗ് കമ്പനികൾ ,ഹാർബറിലെ ഡീസൽ പമ്പുകൾ, മീൻ സൈക്കിളിലും മറ്റും കൊണ്ടുപോയി ചില്ലറ വിൽപ്പന നടത്തുന്നവർ,ഐസ് കമ്പനികൾ, ഐസ് പൊടിച്ച് ബോട്ടിലേക്ക് കയറ്റിക്കൊടുക്കുന്നവർ ,ഹാർബറിലെ സ്പെയർ പാർട്സ് കടക്കാർ, ഹോട്ടലുകാർ, വലപ്പണിയെടുക്കുന്നവർ എന്നിവയെല്ലാം ഇത്രയും ദിവസം നിശ്ചലമായിരുന്നു.സമരം നീണ്ടു പോകുകയാണെങ്കിൽ തൊഴിലാളികൾ വലിയ കഷ്ടത്തിലാകുമായിരുന്നു.
സമരത്തെ തുടർന്ന് വലിയ മീനുകൾക്ക് ക്ഷാമം നേരിട്ടു. അന്യസംസ്ഥാനങ്ങളിൽ മാസക്കണക്കിനു സ്റ്റോറേജുകളിൽ സൂക്ഷിച്ച വലിയ തരം മീനുകൾ ആയിരുന്നു മാർക്കറ്റിൽ ലഭ്യമായത്. ഇത് കിട്ടണമെങ്കിൽ തീ വില നല്കണം. പരമ്പരാഗത തോണിക്കാരും ചെറുവള്ളങ്ങളും കടലിൽ പോയിരുന്നതിനാൽ ചെറിയ മീനുകൾ മാർക്കറ്റിൽ സുലഭമായിരുന്നു.അയില, മത്തി, മാന്ത തുടങ്ങിയ ചെറിയതരം മീനുകളാണ് മാർക്കറ്റിൽ ലഭിച്ചിരുന്നത്.സമരം പിൻവലിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ സംസ്ഥാനത്തെ മീൻപിടുത്ത തുറമുഖങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകുവാനുള്ള തയ്യാറെടുപ്പു തുടങ്ങുകയും ബോട്ടുകളുമായി കടലിലേക്ക് പുറപ്പെടാനും തുടങ്ങിക്കഴിഞ്ഞു. ഇന്നത്തോടെ എല്ലാ ഹാർബറുകളും മുമ്പേ പോലെ സജീവമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.