രാജ്യത്തെ ആദ്യ സൗരോര്‍ജ ബോട്ട് പരീക്ഷണയോട്ടം തുടങ്ങി
text_fieldsപൂച്ചാക്കല്‍ (ആലപ്പുഴ): രാജ്യത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ ബോട്ട് ‘ആദിത്യ’ പരീക്ഷണയോട്ടം തുടങ്ങി. തവണക്കടവ്-വൈക്കം ഫെറിയിലാണ് ഏറെ സവിശേഷതകളുള്ള ബോട്ട് പരീക്ഷണാര്‍ഥം സര്‍വിസ് തുടങ്ങിയത്. സംസ്ഥാന ജലഗതാഗത വകുപ്പാണ് ഇത് സര്‍വിസിന് ഒരുക്കിയത്. ജനുവരി 12നാണ് ഒൗപചാരിക ഉദ്ഘാടനം. വൈക്കത്ത് നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പങ്കെടുക്കും.
ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിങ്ങിന്‍െറ അനുമതിയോടെയാണ് ബോട്ട് ഓടിത്തുടങ്ങിയത്. നിര്‍മാണത്തിന് ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയ ബോട്ടിന്‍െറ പ്രവര്‍ത്തനം ലിഥിയം ബാറ്ററികളിലാണ്. രണ്ട് ഇലക്ട്രിക് മോട്ടോറുകളുമുണ്ട്. സൗരോര്‍ജ പാനലുകള്‍ ബോട്ടിന്‍െറ മുകളില്‍ നിരത്തിയിരിക്കുന്നു. കൊച്ചി സാങ്കേതിക സര്‍വകലാശാലയിലെ ഷിപ്പ് ടെക്നോളജി വിഭാഗം നടത്തിയ പഠനത്തിന്‍െറ അടിസ്ഥാനത്തിലാണ് ബോട്ട് രൂപകല്‍പന ചെയ്തത്.
ഒന്നരക്കോടി രൂപയാണ് നിര്‍മാണച്ചെലവ്. 70 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ട് 20 മീറ്റര്‍ നീളത്തിലും ഏഴുമീറ്റര്‍ വീതിയിലുമാണ്. മണിക്കൂറില്‍ 14 കിലോമീറ്ററാണ് വേഗത. ജലയാന വേഗതപ്രകാരം 7.5 നോട്ടിക്കല്‍ മൈല്‍ വേഗതയാണിത്. മലിനീകരണം ഒട്ടുമില്ലാത്ത ബോട്ടിന് പ്രവര്‍ത്തനചെലവിലും കാര്യമായ കുറവുണ്ടാകും. ബോട്ട് കാണാന്‍ കഴിഞ്ഞദിവസം മന്ത്രി എ.കെ. ശശീന്ദ്രന്‍ എത്തിയിരുന്നു. സാധാരണ വെയിലുള്ള ദിവസങ്ങളില്‍ ആറരമണിക്കൂര്‍ തുടര്‍ച്ചയായി ബോട്ട് ഓടിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.