ജാമ്യം കിട്ടിയിട്ടും ജയിലിൽനിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണൂർ: ‘റിമാൻഡ് കാലാവധി കഴിഞ്ഞ തടവുകാർക്ക് ഐക്യദാർഢ്യം’
text_fieldsകൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ചൊവ്വാഴ്ച ഹൈകോടതി ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങിയില്ല. വിടുതൽ ബോണ്ടിൽ ഒപ്പുവെക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്നതോടെയാണ് ജയിലിൽ നിന്നിറങ്ങാതിരുന്നത്. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത ഒട്ടേറെ തടവുകാർ ജയിലിലുണ്ട്. അവർക്കുള്ള ഐക്യദാർഢ്യം കൂടിയാണിതെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരെയും ജയിൽ അധികൃതരെയും അറിയിച്ചതായാണ് സൂചന.
അഭിഭാഷകർ ഇല്ലാതെയും ജാമ്യബോണ്ടിനുള്ള തുക കെട്ടിവെക്കാനാവാതെയും ജയിലിൽ ദുരിതമനുഭവിക്കുന്ന തടവുകാർക്കും നീതി വേണം. ഇവർ പുറത്തിറങ്ങും വരെ താനും ജയിലിൽ തുടരുമെന്നാണ് ബോബിയുടെ നിലപാട്. അതേസമയം, ജയിൽ ചട്ടപ്രകാരം വൈകീട്ട് ഏഴിന് മുമ്പ് കോടതി ഉത്തരവ് കൊണ്ടു വന്നാൽ മാത്രമെ പ്രതികളെ മോചിപ്പിക്കാറുള്ളുവെന്ന് ജയിൽ അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച ഈ സമയ പരിധിയിൽ രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നതാണ് മോചനം നടക്കാതെ പോയത്.
ജില്ല ജയിൽ പരിസരത്തേക്ക് ചൊവ്വാഴ്ച നൂറുകണക്കിന് ആരാധകർ എത്തിയിരുന്നു. ബോബി ചെമ്മണ്ണൂരിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു പ്ലക്കാർഡുകളും പൂക്കളും ബാനറുകളുമായിട്ടാണ് ഇവർ എത്തിയത്. ബോബി ചെമ്മണ്ണൂരിന് ഇറങ്ങാൻ സാധിക്കാത്ത കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകക്ക് നേരെ ബഹളവുമായും ആരാധകർ എത്തി.അതേസമയം മകര വിളക്ക് ഉൾപ്പെടെ വാർത്താ പ്രാധാന്യമുള്ള മറ്റ് സംഭവങ്ങളുള്ളതിനാൽ ഇന്ന് പുറത്തിറങ്ങിയാൽ വേണ്ടത്ര മാധ്യമശ്രദ്ധ ലഭിക്കാത്തതിനാലാണ് ബോബി ജയിലിൽ തുടരുന്നതെന്നും സൂചനയുണ്ട്.
ജാമ്യവ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായി പല തടവുകാർക്കും 10,000 മുതൽ 50,000 രൂപവരെ ബോണ്ടും ആൾ ജാമ്യവും ഏർപ്പെടുത്തിയാണ് ജാമ്യം അനുവദിക്കാറുള്ളത്. എന്നാൽ ഇതിനു സാധിക്കാതെ നിരവധി പേർ ജയിലിൽ തുടരുകയാണെന്നും ഇവർക്ക് ഐക്യദാർഢ്യം നൽകി ജയിലിൽ തുടരുകയാണെന്നാണ് ബോബിയുടെ വാദം. എന്നാൽ തനിക്ക് പറയാനുള്ളത് കേൾക്കാൻ മാധ്യമങ്ങളില്ലാത്തതിനാലാണ് ബോബി പുറത്തിറങ്ങാത്തതെന്നും സൂചനയുണ്ട്. ബുധനാഴ്ച പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥൻ അവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കേന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നും നിർദേശിച്ചാണ് ബോബിക്ക് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ബോഡി ഷെയ്മിങ് സമൂഹത്തിന് ഉൾകൊള്ളാൻ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
കേസ് പരിഗണിക്കവെ ജാമ്യം അനുവദിക്കാമെന്ന് ഹൈകോടതി വാക്കാൽ പരാമർശം നടത്തിയിരുന്നു. പൊലീസിന് കസ്റ്റഡി ആവശ്യമില്ലെന്നും കോടതിയിൽ നിന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണഊ ചെയ്തതെന്നും വിലയിരുത്തിയാണ് ഹൈകോടതിയുടെ നടപടി. ഹരജിയിൽ വീണ്ടും നടിയെ അപമാനിച്ചതിൽ ഹൈകോടതി അതൃപ്തി അറിയിച്ചു. ഹണി റോസ് വലിയ ആളല്ലെന്നായിരുന്നു ഹരജിയിലെ പരാമർശം. ഇതിൽ കോടതി അതൃപ്തി അറിയിച്ചതോടെ അത് നീക്കാമെന്ന് ഹരജിക്കാരൻ കോടതിയിൽ വ്യക്തമാക്കി.
പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബിയോട് ചോദിച്ചിരുന്നു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ഉറപ്പു നൽകുമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് നേരത്തെ ബോബി കോടതിയെ അറിയിച്ചത്. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.