കാസർകോട്ട് ജില്ല ആശുപത്രി അണുമുക്തമാക്കാൻ റോബോട്ടും
text_fieldsകാഞ്ഞങ്ങാട്: ജില്ല ആശുപത്രിയെ അണുമുക്തമാക്കാൻ ഇനി റോബോട്ടും. കോവിഡ് ഉൾപ്പെടെ പലവിധ അസുഖങ്ങൾ ബാധിച്ചവരെ ചികിത്സിക്കുന്ന ആശുപത്രി പരമ്പരാഗത രീതിയിൽ അണുമുക്തമാക്കുന്നത് നിലവിലെ സാഹചര്യത്തിൽ അപകടകരമാണെന്നതിനാലാണ് മനുഷ്യ ഇടപെടൽ നേരിട്ടില്ലാതെ ആധുനിക സങ്കേതിക വിദ്യയാൽ നിർമിച്ച യന്ത്രമനുഷ്യനെ ഏർപ്പെടുത്തിയത്.
അൾട്രാവയലറ്റ് സി രശ്മികൾ വികിരണം ചെയ്ത് മാരക രോഗാണുക്കൾ, ഫംഗസ് എന്നിവയെ പൂർണമായും നിർമാർജനം ചെയ്യും. അൾട്രാവയലറ്റ് ഉപയോഗിച്ച് അണുനശീകരണം നടത്തുന്ന സാങ്കേതികവിദ്യയാണ് ശാസ്ത്രലോകം ഇന്ന് സ്വീകരിക്കുന്നതെങ്കിലും ആശുപത്രി വാർഡുകളും മറ്റും അണുമുക്തമാക്കാൻ പറ്റുന്ന റോബോട്ടിക് സംവിധാനം ആദ്യമാണ്. കൂടാതെ കോവിഡ് ബാധിതരെ ചികിത്സിക്കുന്ന വാർഡുകളിലേക്ക് മരുന്ന്, ഭക്ഷണം എന്നിവ എത്തിച്ച് നൽകുന്നതിനും റോബോട്ട് ഉപയോഗപ്പെടുത്താം. റിമോട്ട് കൺട്രോൾ സംവിധാനത്തിലൂടെ പ്രവർത്തിക്കാൻ സാധിക്കുന്ന യന്ത്രമനുഷ്യന് അഞ്ചു മിനിറ്റിനുള്ളിൽ 140 സ്ക്വയർ ഫീറ്റ് സ്ഥലവും സഞ്ചാരപാതയും അണുമുക്തമാക്കാൻ സാധിക്കും.
മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന വനോറ റോബോട്ടിക്സാണ് നിർമാതാക്കൾ. ഇംഗ്ലണ്ടിലെ യോർക് യൂനിവേഴ്സിറ്റിയിൽനിന്ന് റോബോട്ടിക്സ് എൻജിനീയറിങ്ങിൽ ഉന്നത വിദ്യാഭ്യാസം നേടിയ കാഞ്ഞങ്ങാട് സ്വദേശിയായ കൃഷ്ണൻ നമ്പ്യാർ രൂപകൽപനചെയ്ത യന്ത്രമനുഷ്യനെ തെൻറ സ്വദേശത്ത് മികച്ചരീതിയിൽ പ്രവർത്തിക്കുന്ന ജില്ല ആശുപത്രിയിലേക്ക് സൗജന്യമായി നൽകുകയായിരുന്നു. റോബോട്ട് ദാന ചടങ്ങ് മന്ത്രി ഇ. ചന്ദ്രശേഖരൻ മൊബൈൽ വോയിസ് സന്ദേശം വഴി ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ വി.വി. രമേശൻ, ഷാനവാസ് പാദൂർ, ഡോ. എം. രത്നാകരൻ നമ്പ്യാർ, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. പ്രകാശ്, ആർ.എം.ഒ ഡോ. റിജിത്ത് കൃഷ്ണൻ എന്നിവർ സംസാരിച്ചു. റോബോട്ടിെൻറ പ്രവർത്തനം കൃഷ്ണൻ നമ്പ്യാർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.