നിമിഷപ്രിയയുടെ ജയിൽമോചനം: പഠിച്ച് ബോധ്യംവന്ന ശേഷമേ ഇടപെടൂ -ബോബി ചെമ്മണ്ണൂർ
text_fieldsപത്തനംതിട്ട: വധശിക്ഷ കാത്ത് യമനിൽ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വിഷയത്തില്‍ കാര്യങ്ങള്‍ പഠിച്ച് ബോധ്യംവന്ന ശേഷമേ ഇടപെടൂവെന്ന് ബോബി ചെമ്മണ്ണൂര്‍. നിമിഷപ്രിയ മനഃപൂര്‍വം കൊലപാതകം നടത്തിയെന്നും ഇല്ലെന്നും രണ്ട് രീതിയിൽ പറയുന്നു. ഇതേക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് പഠിച്ചുവരുകയാണ്. കാര്യങ്ങള്‍ ബോധ്യംവന്ന ശേഷം ഇടപെടും. അല്ലെങ്കില്‍ അത് തെറ്റായ സന്ദേശമാകും. നിരപരാധിയെന്ന് ബോധ്യപ്പെട്ടാൽ അവരെ രക്ഷിക്കും. ഒന്നരക്കോടി രൂപ മതിയല്ലോ. പൂര്‍ണമായും ചിലപ്പോള്‍ ഞാന്‍ കൊടുക്കും. അല്ലെങ്കില്‍ പകുതി നല്‍കും. ശേഷിച്ചത് സമൂഹത്തില്‍നിന്ന് കണ്ടെത്തും.
സൗദി ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന റഹീമിനെക്കുറിച്ചുള്ള സിനിമ നിര്‍മിക്കുന്നതില്‍നിന്ന് പിന്മാറുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബ്ലെസിയെ വിളിച്ചപ്പോള്‍ അദ്ദേഹം ദുബൈയില്‍ പോകാന്‍ നില്‍ക്കുകയാണെന്ന് പറഞ്ഞു. നമുക്ക് നോക്കാം, വന്നിട്ട് വിശദമായി സംസാരിക്കാമെന്നും പറഞ്ഞു. പിന്നെ എന്റെ വാർത്തസമ്മേളനം കഴിഞ്ഞപ്പോള്‍ അത് വിവാദമായി. ഇത് കച്ചവടമാണെന്ന് പറഞ്ഞ് വിവാദമാക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇത് ചെയ്യാമെന്നും ചെയ്യത്തില്ലെന്നും പറഞ്ഞിട്ടില്ല. ഈ സിനിമ വന്നാല്‍ അത് ലോകത്തിനുള്ള മലയാളികളുടെ സന്ദേശമാണ് -അദ്ദേഹം പറഞ്ഞു.
മുമ്പ് എല്ലാ രാഷ്ട്രീയ പാർട്ടികളും തന്നെ സമീപിച്ചിരുന്നെന്ന്, തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി ബോബി പറഞ്ഞു. അന്ന് നിന്നിരുന്നെങ്കിൽ ഇന്ന് മന്ത്രിയായേനെ. ഞാൻ ഇതുവരെ വോട്ട് ചെയ്തിട്ടില്ല. ആരു ജയിച്ചാലും തോറ്റാലും തനിക്കൊന്നും തോന്നാറില്ല.
തുമ്പമൺ അമ്പലക്കടവില്‍ മോഷ്ടാക്കള്‍ കൊള്ളയടിച്ച പെട്ടിക്കട ഉടമ മല്ലികക്ക് സഹായവുമായി പത്തനംതിട്ടയിൽ എത്തിയതായിരുന്നു ബോബി. കട നവീകരിച്ച് ബോച്ചെ പാര്‍ട്ണര്‍ എന്ന ബ്രാന്‍ഡില്‍ ഫ്രാഞ്ചൈസി നല്‍കി കട മുഴുവൻ ബോച്ചെ ടീ കൊണ്ട് നിറച്ചുനൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.