ഒരു കോടി പുണ്യവുമായി ബോബി ചെമ്മണ്ണൂർ പാണക്കാടെത്തി
text_fieldsമലപ്പുറം: സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദു റഹീമിന് വേണ്ടി ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ഒരു കോടി രൂപ കൈമാറി. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ വ്യവസായി ബോബി ചെമ്മണ്ണൂർ സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദു റഹീമിന്റെ മോചനത്തിനായി 34 കോടി രൂപയായിരുന്നു കണ്ടെത്തേണ്ടിയിരുന്നത്. ഇതിനായി കേരളത്തിലുടനീളം 'ബോചെ യാചക യാത്ര' സംഘടിപ്പിച്ചു. ഇത് വലിയൊരു തുക കണ്ടെത്താൻ കഴിഞ്ഞു. ഇതിന് പുറമേയാണ് ട്രസ്റ്റ് ഒരു കോടി രൂപ നൽകിയത്. ഉദ്യമവുമായി രംഗത്തിറങ്ങിയപ്പോൾ തന്നെ മലയാളികൾ ഈ ചലഞ്ച് ഏറ്റെടുക്കുമെന്ന് വിശ്വാസമുണ്ടായിരുന്നെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.
റഹീമിനെ ജീവനോടെ നാട്ടിലെത്തിച്ച ശേഷമാണ് റഹീമിന്റെ ഉമ്മയുടെ അടുത്തേക്ക് പോകുക. തിരിച്ചെത്തിയാൽ ഉപജീവനത്തിന് വേണ്ടി ബോചെ ടീ പൗഡർ ഹോൾസെയിൽ ഷോപ്പ് വെച്ച് കൊടുക്കും. മുഴുവൻ തുക കണ്ടെത്തിയെങ്കിലും അബ്ദുൽ റഹീമിനു വേണ്ടി നേരത്തെ പ്രഖ്യാപിച്ച ലക്കി ഡ്രോ തുടരുമെന്നും ഈ പണം റഹീമിന്റെ പുനരധിവാസത്തിനായി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. പണം കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും കുപ്രചരണങ്ങളെ മറികടക്കാനായെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു.
കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ മലയാളികളും ഈ ചലഞ്ച് ഏറ്റെടുത്തെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കേരളത്തിന്റെ അനുകമ്പയുടെ ഏറ്റവും വലിയ ഉദാഹരണമാണിത്. സദുദ്യമം വിജയിപ്പിച്ചതിൽ ബോബിയുടെ പങ്ക് വളരെ വലുതായിരുന്നു. ഇതാണ് റിയൽ കേരള സ്റ്റോറിയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.