Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്യാസിനി വേഷമണിഞ്ഞ...

സന്യാസിനി വേഷമണിഞ്ഞ ഹണി റോസിനെ കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നി എന്നാണ് ഉദ്ദേശിച്ചത് -കോടതിയിൽ ബോബി ചെമ്മണൂർ

text_fields
bookmark_border
സന്യാസിനി വേഷമണിഞ്ഞ ഹണി റോസിനെ കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നി എന്നാണ് ഉദ്ദേശിച്ചത് -കോടതിയിൽ ബോബി ചെമ്മണൂർ
cancel

കൊച്ചി: കണ്ണൂർ ആലക്കോട്ടെ ഉദ്ഘാടന പരിപാടിയിൽ നടി ഹണി ​റോസിനെ ‘കുന്തീ ദേവി’യോട് ഉപമിച്ചത് കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നിയത് കൊണ്ടാണെന്ന് കോടതിയിൽ ബോബി ചെമ്മണൂർ. നടി ഹണി റോസിന്‍റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരി​നെ ഇന്ന് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഈ വാദമുന്നയിച്ചത്.

സന്യാസിനി വേഷമണിഞ്ഞ് പ്രത്യേക രീതിയിലുള്ള ഹെയർ സ്റ്റൈലിലാണ് നടി അന്ന് വന്നത്. നടിയെ താൻ ഉപമിച്ചപ്പോൾ അവർ ചിരിക്കുകയായിരുന്നുവെന്നും ഇതിന്റെ വിഡിയോ ഹാജരാക്കാമെന്നും പ്രതിഭാഗം അറിയിച്ചെങ്കിലും അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയും ദൃശ്യങ്ങൾ കാണേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. കയറിപ്പിടിച്ചിട്ടില്ലെന്നും കൈ കാണിച്ചപ്പോൾ കൈ പിടിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ബോബി ചെമ്മണൂരിന്റെ അഭിഭാഷകൻ കോടതി​യെ അറിയിച്ചു. നടി തന്നെ ഇതിന്റെ ദൃശ്യ​ങ്ങളും ഫോട്ടോകളും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ടെന്നും ഇപ്പോഴും അവ അവിടെ തന്നെയുണ്ടെന്നും ഇതിന്റെ ലിങ്കുകൾ ഹാജരാക്കി പ്രതിഭാഗം വാദിച്ചു. അന്നൊന്നും അപമാനിച്ചതായി തോന്നാത്ത നടിക്ക് പിന്നീട് എപ്പോഴാണ് ഇത് അപമാനമായി തോന്നിയ​തെന്നും എന്നിട്ടും ദൃശ്യങ്ങൾ ഫേസ്ബുക്കിൽ നിലനിർത്തിയത് എന്തിനെന്നും പ്രതിഭാഗം ചോദിച്ചു.

മുമ്പും തന്റെ സ്ഥാപനങ്ങളുടെ ചടങ്ങുകളിൽ അതിഥിയായി നടിയെ ക്ഷണിച്ചിട്ടുണ്ടെന്നും ബോബി ചെമ്മണൂർ അറിയിച്ചു. ‘നിരവധി പേർക്ക് ജോലി നൽകുന്ന സംരംഭകനായ താൻ ജയിലിൽ കിടന്നാൽ അത് ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കും. തന്റെ ഫോൺ പൊലീസിന്റെ കസ്റ്റഡിയിലാണ്. ജാമ്യം ലഭിക്കാവുന്ന കേസിൽ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലാ​യിരുന്നു. അന്വേഷണത്തിന് ആവശ്യമുണ്ടെങ്കിൽ എന്നെ വിളിപ്പിച്ചാൽ മതി’ -പ്രതിഭാഗം അറിയിച്ചു.

സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായസംഹിതയിലെ 75ാം വകുപ്പ്, ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിന് ഐ.ടി ആക്ടിലെ 67ാം വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്തത്. അഭിഭാഷകനായ ബി. രാമൻ പിള്ളയുടെ രാമൻപിള്ള അസോഷ്യേറ്റ്സാണ് പ്രതിക്ക് വേണ്ടി ഹാജരായത്. ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്.

താൻ കുറ്റം ചെയ്തിട്ടില്ലെന്നും പരാമർശങ്ങൾ ദുരുദ്ദേശ്യപരമായിരുന്നില്ലെന്നും പൊലീസിന്റെ ചോദ്യം ചെയ്യലിൽ ബോബി പറഞ്ഞു. അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും അശ്ലീല പദപ്രയോഗങ്ങളെന്നതു തെറ്റിദ്ധാരണ മാത്രമെന്നും പൊലീസിനോടു പറഞ്ഞു. ബോബി ചെമ്മണൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണും പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

എറണാകുളം സെൻട്രൽ പൊലീസ് ഇന്നലെ രാവിലെയാണ് വയനാട് മേപ്പാടിയിലെ എസ്റ്റേറ്റിൽനിന്ന് ബോബിയെ കസ്റ്റഡിയി​ലെടുത്തത്. രാത്രി 7.20ഓടെ കൊച്ചിയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ സ്റ്റേഷനിൽ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കി.

വയനാട് മേപ്പാടി കള്ളാടിക്കടുത്തുള്ള ‘ബോചെ ആയിരമേക്കർ’ എസ്റ്റേറ്റിൽനിന്നു പുറത്തേക്കു വരുമ്പോൾ ബോബിയുടെ വാഹനം വളഞ്ഞ് എറണാകുളം സെൻട്രൽ പൊലീസും വയനാട് എസ്.പിയുടെ പ്രത്യേക സംഘവും ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പുത്തൂർവയൽ എ.ആർ ക്യാമ്പിലെത്തിച്ചശേഷം കൊച്ചിയിലേക്ക് പുറപ്പെട്ടു. സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്ത് വൈദ്യപരിശോധനക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ചൊവ്വാഴ്ച ഹണി റോസ് പരാതി നൽകിയ ഉടൻ ബോബിക്കെതിരെ കേസെടുത്ത് നടപടികൾ ആരംഭിച്ചിരുന്നു. തുടർന്ന് ബോബി വയനാട്ടിലുണ്ടെന്ന് മനസ്സിലാക്കി ഉദ്യോഗസ്ഥർ ചൊവ്വാഴ്ച രാത്രിതന്നെ അവിടേക്ക് തിരിച്ചു. ഇതിനിടെ, ഹണി റോസ് മുഖ്യമന്ത്രി പിണറായി വിജയനോടും പരാതി സംബന്ധിച്ച് സംസാരിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷക്കും ഒളിവിൽ പോകാനും അവസരം ലഭിക്കാതിരിക്കാൻ അതിവേഗത്തിലായിരുന്നു പൊലീസ് നടപടികൾ.

പ്രത്യേക അന്വേഷണസംഘത്തലവൻ സെൻട്രൽ എ.സി.പി കെ. ജയകുമാർ, എസ്.എച്ച്.ഒ അനീഷ് ജോയ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രാഥമിക ചോദ്യം ചെയ്യലും നടന്നു. ബോബിയുടെ ഫോൺ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഹണി റോസിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ രണ്ട് മണിക്കൂറോളം രഹസ്യമൊഴി നൽകിയിട്ടുണ്ട്. ഇതിൽ നിർണായക വിവരങ്ങൾ ഉണ്ടെങ്കിൽ ബോബിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. ദ്വയാർഥ പ്രയോഗത്തിലൂടെ ഒരാൾ അപമാനിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് ബോബി ചെമ്മണൂരിന്‍റെ പേര് വെളിപ്പെടുത്താതെ ഹണി റോസ് രംഗത്തെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boby ChemmanurHoney Rose
News Summary - boby chemmanur honey rose case
Next Story