ബോബി ചെമ്മണൂർ അറസ്റ്റിൽ
text_fieldsകൽപറ്റ: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രചാരണം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വാഹനം തടഞ്ഞ് വയനാട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണൂരിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ കസ്റ്റഡിയിലെടുത്ത് ഏഴു മണിക്കൂറിന് ശേഷം പൊലീസ് വാഹനത്തിൽ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ശേഷം നാളെയാണ് കോടതിയിൽ ഹാജരാക്കുക. ബോബിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ 7.30ന് ബോബിയുടെ മേപ്പാടിയിലെ ആയിരം ഏക്കർ എസ്റ്റേറ്റിലെ റിസോർട്ടിന് പുറത്തുനിന്നാണ് കൊച്ചിയിൽനിന്നുള്ള അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. എസ്റ്റേറ്റിലെ റോഡിൽ വാഹനം തടഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ നിയമനടപടി സംബന്ധിച്ച് ബോബിയെ ധരിപ്പിച്ചു. ഇതോടെ വാഹനത്തിൽനിന്നിറങ്ങിയ ബോബി നടന്ന് പൊലീസിന്റെ വാഹനത്തിൽ കയറുകയായിരുന്നു. ആദ്യം പുത്തൂർവയൽ എ.ആർ ക്യാമ്പിൽ എത്തിച്ചു. തുടർന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയി.
ചൊവ്വാഴ്ച രാത്രിതന്നെ പൊലീസ് സംഘം വയനാട്ടിലെത്തിയിരുന്നു. എസ്റ്റേറ്റിൽനിന്ന് സ്വന്തം വാഹനത്തിൽ അംഗരക്ഷകരുടെ അകമ്പടിയോടെ കോയമ്പത്തൂരിലേക്ക് പോകാനായിരുന്നു ബോബിയുടെ പദ്ധതി. ഒളിവിൽ പോകാനുള്ള സാധ്യത മുന്നിൽകണ്ട് അതിന് അവസരം നൽകാതെയാണ് എസ്.ഐ അനൂപ് ചാക്കോയുടെ നേതൃത്വത്തിൽ പൊലീസ് നടപടിയെടുത്തത്.
ലൈംഗിക ചുവയോടെയുള്ള സംസാരത്തിന് ഭാരതീയ ന്യായ സംഹിതയിലെ 75 വകുപ്പ് പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരായ ഐ.ടി ആക്റ്റിലെ 67 വകുപ്പ് പ്രകാരവുമാണ് കേസ്. നടിയുടെ പരാതിയില്‍ ചൊവ്വാഴ്ചയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇതിനിടെ ഇന്ന് വൈകുന്നേരം ഹണി റോസ് എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് എത്തി രഹസ്യമൊഴി നൽകി. ഹണി റോസിനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് പിന്തുണ അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.