റഹീമിന്റെ ജീവന് കാക്കാൻ ബോബി ചെമ്മണ്ണൂരിന്റെ യാചകയാത്ര
text_fieldsതിരുവനന്തപുരം: രാവിലെ ഒമ്പതിന് തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ എത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് അവിടെയുണ്ടായിരുന്നവർ ഒന്ന് ഞെട്ടി. ‘ബോച്ചെ’ എന്ന ബോബി ചെമ്മണ്ണൂരായിരുന്നു യാത്രക്കാര്‍ക്കു മുന്നിലെത്തിയ അതിഥി. വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി പണം സ്വരൂപിക്കുന്നതിനായുള്ള യാചക യാത്രയുടെ തുടക്കം കുറിക്കലായിരുന്നു തമ്പാനൂരില്‍ നടന്നത്. വധശിക്ഷ റദ്ദാക്കാന്‍ ഏപ്രില്‍ 16ന് മുമ്പ് 34 കോടി രൂപ മോചനദ്രവ്യം നല്‍കേണ്ടതുണ്ട്. ഈ തുക സമാഹരിക്കുന്നതിനായി നാട്ടുകാര്‍ രൂപവത്കരിച്ച അബ്ദുൽ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പൊതുജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു. ഓരോ രൂപക്കും ഒരു ജീവന്റെ വിലയുണ്ടെന്ന ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ ആളുകള്‍ ഏറ്റെടുത്തു. വലുതും ചെറുതുമായ തുകകള്‍ പല യാത്രക്കാരും സംഭാവനയായി നല്കി.
സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അബ്ദുല്‍ റഹീം. സൗദി സ്വദേശിയുടെ ഭിന്നശേഷിക്കാരനായ കുഞ്ഞിനെ പരിചരിക്കുന്നതിനിടെ മനഃപൂര്‍വമല്ലാത്ത കാരണത്താല്‍ കുട്ടി മരിച്ചതിനെ തുടര്‍ന്ന് ആണ് അബ്ദുല്‍ റഹീം വധശിക്ഷക്ക് വിധിക്കപ്പെട്ടത്.
തമ്പാനൂര്‍ കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്‍ഡിനു മുന്നില്‍നിന്നും ആരംഭിച്ച യാത്ര പാളയം, പട്ടം, കേശവദാസപുരം, യൂനിവേഴ്സിറ്റി കോളജ്, ശ്രീകാര്യം, കഴക്കൂട്ടം, കണിയാപുരം, മംഗലപുരം, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലൂടെ കടന്നുപോയി. യാചകയാത്ര ചൊവ്വാഴ്ച കൊല്ലം ജില്ലയില്‍ പ്രവേശിക്കും. കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലെയും പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡുകള്‍, കോളജുകള്‍, തെരുവോരങ്ങള്‍ തുടങ്ങിയ എല്ലാ പൊതുയിടങ്ങളിലും ജനങ്ങളോട് യാചിക്കാന്‍ ബോചെ നേരിട്ട് എത്തും. സന്മനസ്സുള്ളവർ അവരവരാല്‍ കഴിയുന്ന തുക സംഭാവന നല്കി ഈ പുണ്യപ്രവൃത്തിയില്‍ പങ്കുചേരണമെന്ന് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.