മൃതദേഹങ്ങൾ മാറി; വാരാണസി സ്വദേശിയെ വള്ളികുന്നത്ത് സംസ്കരിച്ചു
text_fieldsകായംകുളം: സൗദിയിൽ മരിച്ചയാളെ നാട്ടിലെത്തിച്ച് സംസ്കരിച്ച് കഴിഞ്ഞപ്പോൾ മൃതദേഹം മാറിപ്പോയെന്ന് സന്ദേശം. യു.പി വാരാണസി സ്വദേശിയുടെ മൃതദേഹമാണ് കായംകുളം വള്ളികുന്നത്തെത്തിച്ച് സംസ്കരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സൗദിയിൽ മരിച്ച വള്ളികുന്നം കാരാഴ്മ കണിയാൻവയലിൽ ഷാജി രാജന്‍റെ (50) കുടുംബമാണ് അധികൃതരുടെ വീഴ്ചയിൽ പൊല്ലാപ്പിലായത്. ജൂലൈ 18നാണ് ഷാജിയെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാജി രാജന്‍റെയും വാരാണാസി സ്വദേശി ജാവേദിന്‍റെയും മൃതദേഹം നാട്ടിലേക്ക് അയക്കാൻ ഒരേ ദിവസമാണ് സൗദിയിലെ വിമാനത്താവളത്തിൽ എത്തിച്ചത്. ഇവിടെ വെച്ച് മൃതദേഹങ്ങൾ വിമാനം മാറി അയച്ചതാണ് പ്രശ്നമായത്.
സൗദി അൽഹസ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഷാജിയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് നാട്ടിലേക്ക് കയറ്റിവിട്ടത്. സെപ്റ്റംബർ 30ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുമെന്ന അറിയിപ്പും ലഭിച്ചു. മൃതദേഹത്തിനൊപ്പം ഷാജിയുടെ പാസ്പോർട്ടും എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെ രേഖകളും വിമാനത്താവള അതോറിറ്റി ബന്ധുക്കൾക്ക് കൈമാറിയിരുന്നു.
ഉച്ചക്ക് മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു. അഴുകിയ കാരണത്താൽ മൃതദേഹം അധിക സമയം തുറന്നുവെക്കരുതെന്ന നിർദേശമുണ്ടായിരുന്നു. ഇക്കാരണത്താൽ കൂടുതൽ പരിശോധനക്ക് വീട്ടുകാർ മുതിർന്നില്ല. വാരാണസിയിൽ മൃതദേഹം കുളിപ്പിക്കാൻ എടുത്തപ്പോഴാണ് ജാവേദിന്‍റെതല്ലെന്ന് തിരിച്ചറിയുന്നത്. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഇടപെടലിൽ വാരാണസിയിൽനിന്ന് ഷാജിയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ നടപടിയായിട്ടുണ്ട്. ജവേദിന്‍റെ മൃതദേഹം ദഹിപ്പിച്ചതിനാൽ തിരിച്ചയക്കൽ അസാധ്യമായി.
ഷാജിയുടെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് സംസ്കരിക്കും. രാഗിണിയാണ് ഭാര്യ. മക്കൾ:അനഘ, അപർണ, അനുഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.