കടലിൽ കുളിക്കുന്നതിനിടെ കാണാതായ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
text_fieldsകോഴിക്കോട്: കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. അയൽവാസികളും അടുത്ത സുഹൃത്തുക്കളുമായ ഒളവണ്ണ കൊടിനാട്ടുമുക്ക് ചെറുകര കുഴിപുളത്തിൽ അബ്ദുൽ താഹിറിന്റെ മകൻ ആദിൽ (17), ഒളവണ്ണ ചെറുകര ടി.കെ. ഹൗസിൽ അബ്ദുൽ റഹീമിന്റെ മകൻ ആദിൽ ഹസൻ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഇരുവരെയും കുളിക്കുന്നതിനിടെ കാണാതായത്. രാത്രി വൈകിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെതിയത്.
ഞായറാഴ്ച രാവിലെ എഴരയോടെ ലയൺസ് പാർക്കിന് പിറകിലെ ബീച്ചിലാണ് അപകടം. കൂട്ടുകാർക്കൊപ്പം ബീച്ചിൽ ഫുട്ബാൾ കളി കഴിഞ്ഞ് കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ആദിൽ ഹസൻ പെട്ടെന്ന് ഒഴുക്കിൽപെട്ട് വീണപ്പോൾ ആദിലും മുബാറക്കും ഓടിയെത്തി പിടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു.
പെട്ടെന്ന് വന്ന വൻ തിരയിൽ രണ്ട് പേർ കടലിലേക്കും മുബാറക്ക് കരയിലേക്കും തെറിച്ചുവീണു. മത്സ്യത്തൊഴിലാളികളടക്കമുള്ളവരും എലത്തൂർ, ബേപ്പൂർ സ്റ്റേഷനുകളിൽ നിന്ന് കോസ്റ്റൽ പൊലീസും ബീച്ച് ഫയർ ഫോഴ്സും തിരച്ചിൽ നടത്തി. ഫിഷറീസ് മറൈൻ ആംബുലൻസ്, കോസ്റ്റ്ഗാർഡ് ഷിപ്, കോസ്റ്റൽ പൊലീസിന്റെ രണ്ട് വഞ്ചികൾ എന്നിവയാണ് തിരച്ചിൽ പങ്കെടുത്തത്. ഉൾക്കടലിൽ ശക്തമായ മഴയുള്ളതിനാൽ രാവിലെ നല്ല അടിവലിവുണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
മീഞ്ചന്ത സ്കൂളിൽ നിന്ന് പത്താം ക്ലാസ് പൂർത്തിയാക്കിയതാണ് ആദിൽ ഹസൻ. മാതാവ് റഹ്മത്ത്. സഹോദരങ്ങൾ: ഫാരിസ, അജ്മൽ. തളി സാമൂതിരി ഹയർ സെക്കൻഡറിയിൽ നിന്ന് പ്ലസ് ടു കഴിഞ്ഞതാണ് ആദിൽ. മാതാവ്: റൈനാസ്, സഹോദരി: നഹ്റിൻ നഫീസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.