ബോഡിലോൺ തേക്ക് പ്ലോട്ടിലെ കൗതുക കാഴ്ചകൾ എന്ന് കാണാനാകും?
text_fieldsപുനലൂർ: തേക്ക് പ്ലാന്റിങ്ങിൽ സായിപ്പ് പുത്തൻ പരീക്ഷണത്തിന് നാന്ദികുറിച്ച് ലോകത്തിന് മാതൃകയായ ആര്യങ്കാവിലെ തേക്ക് പ്ലോട്ട് കൗതുക കാഴ്ചകൾ ഇനി എന്ന് കാണാനാകും?. ആര്യങ്കാവിലെ ബോഡി ലോൺ തേക്ക് പ്ലോട്ടാണ് വനം വകുപ്പ് കൊട്ടിയടച്ചിട്ട് വർഷങ്ങളായത്. കൊല്ലം- ചെങ്കോട്ട ദേശീയപാതയോരത്ത് 133 വർഷം മുമ്പ് പരീക്ഷണാർഥം നട്ടുപിടിപ്പിച്ച തേക്ക് തൈകൾ ഇന്ന് പടുകൂറ്റൻ മരങ്ങളായി തലയുയർത്തി നിൽക്കുന്നു. ഒരു ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന തോട്ടത്തിൽ 172 തേക്കുമരങ്ങളാണ് ഉണ്ടായിരുന്നത്.
പരീക്ഷണം നടത്തിയ സായിപ്പിന്റെ പ്രതിമയും ചരിത്രവുമടക്കമുള്ളത് കാണാനും പഠിക്കാനും കഴിയുന്നില്ല. പ്ലോട്ട് സംരക്ഷണത്തിനും ആകർഷണമാക്കുന്നതിനും വനംവകുപ്പ് മിക്ക വർഷങ്ങളിലും ലക്ഷങ്ങൾ ചെലവഴിക്കാറുണ്ടെന്നാണ് കണക്ക്.
അവസാനമായി നാലുവർഷം മുമ്പ് ലക്ഷക്കണക്കിന് രൂപ മുടക്കി വനംവകുപ്പ് പ്ലോട്ട് നവീകരിച്ച് ഉദ്ഘാടനം നടത്തിയിരുന്നു. ഉദ്ഘാടന ശേഷം പേരിനുവേണ്ടി കുറച്ചു ദിവസം കാഴ്ചക്കാർക്ക് പ്ലോട്ട് തുറന്നു കൊടുത്ത ശേഷം താഴിട്ടു. ലോകത്ത് ആദ്യമായി സ്റ്റമ്പ് (കുറ്റി) ലൂടെ തേക്ക് തൈകൾ പ്ലാന്റ് ചെയ്യുന്ന സമ്പ്രദായം നടപ്പാക്കിയത് ഇവിടെയായിരുന്നു. 1891ൽ ബോഡി ലോൺ സായിപ്പ് ദേശീയപാതയോരത്ത് പാലരുവി ജങ്ഷനിൽ വനഭൂമിയിലായിരുന്നു പരീക്ഷണം നടത്തിയത്. പിന്നീട് വനം വകുപ്പ് തേക്ക് പ്ലാന്റിങിന് ഈ രീതിയാണ് അവലംബിക്കുന്നത്. 100 വർഷം പിന്നിട്ട 1991ൽ ബോഡി ലോൺ ശതാബ്ദി സ്മാരകമായി പ്ലോട്ട് പ്രഖ്യാപിച്ചു.
അന്നത്തെ വനം മന്ത്രി പ്രഫ. എൻ.എം. ജോസഫാണ് ഉദ്ഘാടനം നിർവഹിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ ഇവിടെ സഞ്ചാരികൾ ധാരാളമായി എത്തിയിരുന്നു. തുടർന്ന് അധികൃതർ വേണ്ട പരിഗണന നൽകാതായതോടെ പ്ലോട്ട് നാശത്തിലായി. നാലുവർഷം മുമ്പ് വനംവകുപ്പ് പ്ലോട്ട് ആകർഷകമാക്കാൻ പണം അനുവദിച്ചു.
മനോഹരമായ പ്രവേശന കവാടം, പ്രായമായ എല്ലാ മരങ്ങളുടെയും ചുറ്റും സംരക്ഷണഭിത്തി നിർമിച്ച് ആൾക്കാർക്ക് ഇരിക്കാനുള്ളതായ സൗകര്യം, മരങ്ങളുടെ പേരും അതിന്റെ പ്രായവും രേഖപ്പെടുത്തൽ, ചുറ്റുവട്ടത്തും വേലി നിർമിച്ച് സുരക്ഷിതമാക്കൽ തുടങ്ങിയവ ചെയ്തു. കൂടാതെ ബോഡിലോണിന്റെ പ്രതിമയും സ്ഥാപിച്ചു. ഉദ്ഘാടനം 2021 ജനുവരി 16ന് അന്നത്തെ വനംമന്ത്രിയും പുനലൂർ എം.എൽ.എയുമായ കെ. രാജു നിർവഹിച്ചു. പിന്നീട് ഇതുവരെ പ്ലോട്ട് തുറന്നു സഞ്ചാരികൾക്ക് സൗകര്യം ഒരുക്കാൻ അധികൃതർ തയാറായിട്ടില്ല.
നവീകരണം നടത്തിയ ഭാഗങ്ങളെല്ലാം ഇതിനകം നശിച്ചു. കൂറ്റൻ തേക്കുകൾ പലതും കടപുഴകി. വേലികൾ എല്ലാം കാടുകയറി തുരുമ്പിച്ചു. തൊട്ടടുത്ത തന്നെയുള്ള പാലരുവി ഇക്കോ ടൂറിസത്തിൽ ദിവസവും നൂറുകണക്കിന് സഞ്ചാരികൾ എത്താറുണ്ട്.
ഇവർക്കും ബോഡിലോൺ പ്ലോട്ട് പരിചയപ്പെടുത്തി ആളുകളെ ആകർഷിക്കുന്നതിന് വനംവകുപ്പ് തയാറാകുന്നില്ല. താൽപര്യമുള്ളവർ എത്തിയാൽ പ്ലോട്ട് തുറന്നു കൊടുക്കുമെന്നാണ് വനം അധികൃതർ പറയുന്നത്. വൻതുക മുടക്കി നവീകരണം നടത്താൻ വനം അധികൃതർക്ക് വലിയ താൽപര്യമാണ്. എന്നാൽ ഇത് പൊതുജനങ്ങൾക്ക് പ്രയോജനമാക്കാൻ ഇവർ തയാറല്ല. നാട്ടിലെ ചരിത്രസ്മാരകം ജനപ്രതിനിധികളും അവഗണിച്ചു. ഇനിയും ഈ ചരിത്രത്തെ മറച്ചുപിടിക്കരുത് എന്ന അഭ്യർഥനയാണ് നാട്ടുകാർക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.